പുൽപള്ളി: പുൽപള്ളി പുത്തൻകണ്ടത്തിൽ മോഹനൻ കൃഷി ഓഫിസറായി വിരമിച്ചയാളാണ്. പക്ഷേ, ഇന്നും കൃഷിയിൽ സജീവം. കർണാടകയുടെ സ്വന്തം കുരുമുളക് ഇനമായ സിഗന്ധിനി തൈകൾ നട്ട് പരിപാലിക്കുന്നുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. മികച്ച പ്രതിരോധവും വേഗത്തിലുള്ള വളർച്ചയും കാമ്പ് കൂടുതലുള്ള മുളകുമാണ് സിഗന്ധിനിയുടെ പ്രത്യേകത.
കർണാടകയിൽനിന്ന് കൊണ്ടുവന്ന ഏഴ് കൂട തൈകളിൽനിന്നാണ് മോഹനൻ മൂന്നു വർഷത്തിനിടെ കൃഷി വിപുലമാക്കിയത്. ഇതിൽനിന്ന് തൈകൾ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഴ്സറി നിറയെ ഇപ്പോൾ തൈകളുണ്ട്. പൂർണമായും ജൈവരീതിയാണ് അനുവർത്തിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ടാങ്ക് നിർമിച്ച് അതിനുള്ളിൽ അറക്കപ്പൊടി നിറച്ച് വെള്ളവുമായി കൂട്ടിക്കലർത്തി നിശ്ചിത കാലത്തേക്ക് ഇടുന്നു. ഇതിന്റെ കറ കളഞ്ഞശേഷം ചാണകവും മറ്റ് ജൈവവളങ്ങളും കുഴച്ചുചേർത്ത് കൂടകളിൽ നിറക്കുന്നു. അതിനുശേഷം വള്ളികൾ നീണ്ടുപോകുന്ന ഓരോ മുട്ടിലും ഈ കൂടകൾ വെച്ചുകൊടുക്കുന്നു.
കൂടകളിൽനിന്ന് കൂടകളിലേക്ക് ഈ മുട്ടിന്റെ ഭാഗത്തുനിന്നും വേരുകളഞ്ഞ് ശക്തിയായി മുന്നോട്ട് വളരുന്നു. അങ്ങനെ ഓരോ മുട്ടും കണക്കാക്കി മുറിച്ചെടുത്ത് അവയെ വളരാൻ അനുവദിച്ചാണ് കുരുമുളക് വള്ളികൾ ഉണ്ടാക്കിയെടുക്കുന്നത്. ഈ തൈകൾ ആവശ്യക്കാർക്ക് നൽകുന്നുമുണ്ട് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.