പുൽപള്ളി: പത്തേക്കറോളം സ്ഥലത്തെ നെൽകൃഷി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി നശിപ്പിച്ചു. പുൽപള്ളി പഞ്ചായത്തിലെ ചേകാടി പുഞ്ചക്കൊല്ലിയിലെ പാടശേഖരത്തിലാണ് ആനക്കൂട്ടമിറങ്ങി ഞാറ്റടികളടക്കം നശിപ്പിച്ചത്. ഏറെ വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലത്തായിരുന്നു ഇത്തവണ നെൽകൃഷി ആരംഭിച്ചത്. ലക്ഷങ്ങളുടെ കൃഷിനാശമാണ് ആനകൾ ഒറ്റ രാത്രികൊണ്ടുണ്ടാക്കിയത്.
കഴിഞ്ഞ ദിവസമിറങ്ങിയ 15ഓളം വരുന്ന ആനക്കൂട്ടമാണ് വയലാകെ ഉഴുത് മറിച്ച നിലയിലാക്കിയത്. സന്ധ്യമയങ്ങിയതോടെയെത്തിയ ആനക്കൂട്ടം പുലർച്ചവരെ ഈ വയലിൽ തങ്ങി. ആളുകൾ ഓടിക്കാൻ ശ്രമിച്ചിട്ടും ആനക്കൂട്ടം പിന്മാറിയില്ല. ചേകാടി ഭാഗത്ത് ഇത്രയധികം കൃഷി ആനകൾ നശിപ്പിക്കുന്നത് ഇതാദ്യമായാണ്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് പുഞ്ചക്കൊല്ലി. വയലിൽ കൃഷികൾ ആരംഭിച്ചാലും അവ വന്യജീവികൾ നശിപ്പിക്കുന്നത് പതിവാണ്. വന്യജീവിശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്നാണ് വർഷങ്ങൾക്കു ശേഷം വീണ്ടും നെൽകൃഷി ഇവിടെ പുനരാരംഭിച്ചത്.
വനാതിർത്തിയിൽ ഒരു പ്രതിരോധ സംവിധാനവും ഒരുക്കിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്ത് ഫെൻസിങ്ങിനായി സംവിധാനങ്ങളൊരുക്കിയിരുന്നു. അതെല്ലാം ഇന്ന് നോക്കുകുത്തികളായി മാറിയിരിക്കുന്നു. വരും ദിവസങ്ങളിലും ആനയിറങ്ങുമെന്ന ഭീതിയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.