പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ കടുവ രണ്ടു പശുക്കിടാങ്ങളെ കൊന്നു. കളപ്പുരക്കൽ ജോസഫിന്റെ രണ്ടു വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കടുവയുടെ ആക്രമണം. റബർതോട്ടത്തിൽ മേയാൻ വിട്ട പശുക്കൾ സമീപത്തെ കന്നാരം പുഴയിൽ വെള്ളം കുടിക്കാനിറങ്ങിയപ്പോഴാണ് കടുവ ആക്രമിച്ചത്.
കടുവയെ കണ്ട ജോസഫ് ബഹളം വെച്ച് ഓടിക്കാൻ ശ്രമിച്ചപ്പോൾ ആദ്യം പിടികൂടിയ പശുക്കിടാവിനെ ഉപേക്ഷിച്ച് രണ്ടാമത്തെ പശുക്കിടാവിനെ പിടിക്കുകയായിരുന്നു.
ജോസഫ് വീണ്ടും ബഹളം വെച്ചതോടെ പശുക്കിടാങ്ങളെ ഉപേക്ഷിച്ച് പുഴക്കക്കരെയുള്ള കര്‍ണാടക വനമേഖലയിലേക്ക് കടുവ പോയി. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്നു കാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.ആര്. ഷാജി പറഞ്ഞു.
പശുക്കിടാങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ നല്കുന്ന വാല്യുവേഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു മാസം മുമ്പ് സമീപ പ്രദേശമായ ഗൃഹന്നൂരില്‍ വീടിനോട് ചേര്‍ന്ന് തൊഴുത്തിൽകെട്ടിയിരുന്ന പശുവിനെ കടുവ കൊന്നുതിന്നിരുന്നു. തൊട്ടടുത്ത സീതാമൗണ്ടിലെ കൃഷിയിടത്തിലും കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ കൊളവള്ളിയില്‍ കബനി നദിക്കരയില്‍ മേയുകയായിരുന്ന ആടിനെയും കടുവ പിടിച്ചുകൊണ്ടുപോയിരുന്നു. ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതോടെ പ്രദേശവാസികളെല്ലാം വലിയ ഭീതിയിലാണ്. കടുവയെ പിടികൂടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആശങ്കയകറ്റണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.