പുൽപള്ളി: സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവിക്ക് ജാമ്യം. പുൽപള്ളി കേളക്കവല പറമ്പക്കാട്ട് ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിൽ പുൽപള്ളി പൊലീസ് വഞ്ചനാകുറ്റങ്ങൾക്കടക്കം രജിസ്റ്റർ ചെയ്ത കേസിലാണ് രമാദേവിക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചത്. മെയ് 31 നാണ് രമാദേവി റിമാൻഡിലായത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തേ ബത്തേരി കോടതിയും പിന്നീട് ജില്ല കോടതിയും തള്ളിയിരുന്നു.
ഇതേ കേസിലെ പ്രതി ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാമിന് ഹൈകോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമാമാദേവി ജില്ല കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. സുൽത്താൻ ബത്തേരി കോടതി റിലീസിങ് ഓർഡർ പുറപ്പെടുവിക്കുന്ന മുറക്ക് രമാദേവി ജയിൽ മോചിതയാകും. ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിൽ ഇതുവരെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ മുൻ ഡയറക്ടർ വി.എം. പൗലോസ്, കരാറുകാരൻ സജീവൻ കൊല്ലപ്പിള്ളി എന്നിവർ ജയിലിലാണ്. മുൻ ഡയറക്ടർമാരായിരുന്ന ടി.എസ്.കുര്യൻ, മണി പാമ്പനാൽ, ബിന്ദു ചന്ദ്രൻ, സി.വി. വേലായുധൻ,സുജാത ദിലീപ്, ലോൺ ഓഫിസർ ആയിരുന്ന പി.യു. തോമസ് എന്നിവരും പ്രതികളാണ്.
കോടതി നോട്ടീസ് ലഭിച്ച മുറക്ക് ടി.എസ്. കുര്യൻ, മണി പാമ്പനാൽ, ബിന്ദു ചന്ദ്രൻ, സി.വി. വേലായുധൻ, പി. യു. തോമസ് എന്നിവർ വെള്ളിയാഴ്ച വിജിലൻസ് കോടതിയിൽ ഹാജരായി ജാമ്യം നേടി. സുജാത ദിലീപും ജയിലിലായിരുന്ന മറ്റ് പ്രതികളും കോടതിയിൽ ഹാജരായില്ല. കേസ് കോടതി ഇനി 27ന് പരിഗണിക്കും. അന്ന് മുഴുവൻ പ്രതികളും അന്ന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.