പുൽപള്ളി: ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം കബനി നദിയിൽ ആരംഭിച്ച തോണി സർവിസ് തടഞ്ഞ് കർണാടക പൊലീസ്. ഇൻഷുറൻസ് ഇല്ലാതെ തോണി സർവിസ് അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. പെരിക്കല്ലൂർ കടവിൽ നിന്നും ബൈരക്കുപ്പ കടവിലേക്ക് തോണി സർവിസ് നടത്താൻ ഇതോടെ കർണാടക ഭാഗത്തുള്ള തോണികൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഏറെ കാത്തിരിപ്പിനുശേഷം തോണി സർവിസ് പുനരാരംഭിച്ചത്. കർണാടക ഭാഗത്തുനിന്നുള്ള മൂന്ന് തോണികൾക്കാണ് അനുമതി നൽകിയത്. ഇവക്ക് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. പെരിക്കല്ലൂർ ഭാഗത്തെ 14 തോണിക്കാർക്ക് ലൈസൻസ് നൽകിയിട്ടില്ല. തുടർന്ന് കർണാടക പൊലീസ് കഴിഞ്ഞ ദിവസം സർവിസ് തടഞ്ഞിരുന്നു. തർക്കത്തെത്തുടർന്ന് പുൽപള്ളി പൊലീസും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഒരാഴ്ചക്കുള്ളിൽ ഇൻഷുറൻസ് എടുത്തശേഷം യാത്രക്കാരെ തോണിയിൽ കയറ്റിയാൽ മതിയെന്നാണ് തീരുമാനം.
ബൈരക്കുപ്പ പഞ്ചായത്ത് അംഗങ്ങളായ വെങ്കിട്ട ഗൗഡ, ഒസൂർ പുട്ടണ്ണൻ, ബെള്ളൈ രമേശൻ, ദേവേശ ഗൗഡ, മുള്ളൻകൊല്ലി പഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, കലേഷ്, എസ്.ഐ കെ.വി. ബെന്നി, തോണി ഉടമ പ്രതിനിധികളായ സെൽവരാജ്, രാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.