പുൽപള്ളി: ഇരുളത്തുനിന്ന് കോളേരിയിലേക്കുള്ള റോഡും പാലങ്ങളും തകർന്നതോടെ ബസ് ഗതാഗതം നിലച്ചു. ഏഴ് ബസുകൾ സർവിസ് നടത്തിയിരുന്ന റൂട്ടിലാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രദേശത്തുകാർ ദുരിതത്തിലായത്. ഇരുളം മേഖലയിൽനിന്ന് നിരവധി വിദ്യാർഥികൾ കോളേരി അടക്കമുള്ള സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കുന്നുണ്ട്.
കിലോമീറ്ററുകൾ നടന്നുപോകേണ്ട അവസ്ഥയാണ് ഇവർക്ക്. അങ്ങാടിശ്ശേരി, വളാഞ്ചേരി, പരപ്പനങ്ങാടി ഭാഗങ്ങളിലെ ആളുകൾക്ക് എളുപ്പത്തിൽ കോളേരിയുമായി ബന്ധപ്പെടാനുള്ള പാതയാണിത്. ഈ റോഡിലെ രണ്ടു പാലങ്ങളും അപകടാവസ്ഥയിലാണ്. കോളേരിക്കടുത്തുള്ള പാലം പുതുക്കിപ്പണിയാൻ ചില പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും നടന്നില്ല.
ജനപ്രതിനിധികളുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതായതോടെ ഈ വഴി ബസ് സർവിസ് ആരംഭിക്കാനാകാത്ത അവസ്ഥയാണ്. ഇരുളം മുതൽ അങ്ങാടിശ്ശേരി വരെയുള്ള റോഡും പൂർണമായും തകർന്നിട്ടുണ്ട്.
കുറച്ചുമുമ്പ് വരെ സ്വകാര്യ ബസ് ഇതുവഴി കേണിച്ചിറക്ക് സർവിസ് നടത്തിയിരുന്നെങ്കിലും റോഡ് പൂർണ്ണമായി തകർന്നതോടെ അതും നിലച്ചു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.