പുൽപള്ളി: ദീർഘദൂര ബസുകൾ കൂടുതലായി ആരംഭിക്കുന്ന പെരിക്കല്ലൂരിൽ ബസ് ഓപറേറ്റിങ് സെന്‍റർ ആരംഭിക്കാനുള്ള നടപടികൾ വൈകുന്നു. ആറ് വർഷം മുമ്പാണ് പെരിക്കല്ലൂർ കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സെന്‍റർ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
സ്ഥലം ഏറ്റെടുത്ത് ചില പ്രവൃത്തികൾ മാത്രം നടത്തിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. നിലവിൽ പത്തോളം ദീർഘദൂര ബസുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് പുറപ്പെടുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് കൂടുതൽ സർവിസുകൾ ആരംഭിക്കാനുളള നടപടികൾ പൂർത്തിയായിട്ടുമുണ്ട്.
രണ്ടേക്കർ സ്ഥലമാണ് ഓപറേറ്റിങ് സെന്‍റർ ആരംഭിക്കുന്നതിനായി പഞ്ചായത്ത് വാങ്ങിയത്. ഈ സ്ഥലത്ത് ബസുകൾ നിർത്തിയിടാൻ കോൺക്രീറ്റ് യാർഡ് നിർമിച്ചിട്ടുണ്ട്. ഇതിനുപുറമെ ശുചീകരണ മുറികളും ക്ലോക്ക് റൂമും നിർമിച്ചിട്ടുണ്ട്.
എന്നാൽ, ബസ് ജീവനക്കാർക്ക് താമസിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഇക്കാരണത്താൽ ബസുകൾ റോഡരികിൽ തന്നെയാണ് ഡ്രൈവർമാർ നിർത്തിയിടുന്നത്. ബസ് ഓപ്പറേറ്റിങ് സെന്‍റർ യാഥാർഥ്യമാക്കാൻ ഇനിയും ഒട്ടേറെ സംവിധാനങ്ങൾ ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന്‍റെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.