പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തുന്ന കടുവയെ തുരത്താൻ കഴിയുന്നില്ല. നാലു ദിവസമായി വനപാലകർ കടുവയെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ നാല് നായ്ക്കളെ കടുവ കൊന്നു. കൃഷിപ്പണികൾക്കും മറ്റും കർഷകർക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ജനവാസ കേന്ദ്രത്തിൽ തങ്ങുന്ന കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ തീരുമാനമായി.
കഴിഞ്ഞ ദിവസം കൊളവള്ളിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കം പങ്കെടുത്ത യോഗത്തിലാണ് നടപടി. കടുവ കൂട്ടിൽ കുടുങ്ങാത്ത സാഹചര്യമുണ്ടായാൽ മയക്കുവെടി വെച്ച് പിടികൂടും.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിജയൻ, റേഞ്ച് ഓഫിസർ ശശികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.