പുൽപള്ളി: ഏലം വിലയിടിവ് വയനാട്ടിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. 10 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഏലക്കായ്ക്ക് ലഭിക്കുന്നത്. ഏലത്തിന് നാല് വർഷം മുമ്പ് 4000 രൂപ വരെ വില ലഭിച്ചിരുന്നു. ഇന്നത് 1000 രൂപ വരെയായി ചുരുങ്ങി. ഉത്പാദന ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയിരിക്കുന്നത്.
കോവിഡ് ആരംഭിച്ചശേഷമാണ് വില ഇടിഞ്ഞത്. കോവിഡിന് മുമ്പ് 4000 രൂപ വരെ വില ലഭിച്ചിരുന്നു. കോവിഡിൽ വിപണി മന്ദഗതിയിൽ ആയതോടെ ഗൾഫിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞു. ഏലം കയറ്റുമതി കുറഞ്ഞതും വിലയിടിയാൻ പ്രധാന കാരണമായി. വയനാട്ടിൽ ഏലം കൃഷി വ്യാപകമല്ല. എന്നാൽ മേപ്പാടി അടക്കമുള്ള സ്ഥലങ്ങളിൽ ഈ കൃഷി കൂടുതലായുണ്ട്. വയനാട്ടിൽ ഏലത്തിന്റെ പ്രധാന മാർക്കറ്റ് മേപ്പാടിയാണ്.
വിൽപനക്കായി ഏലക്കായ നൽകിയാലും ഒറ്റത്തവണയായി പലപ്പോഴും പണം ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഡിമാന്റ് കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വ്യാപാരികളുടെ അഭിപ്രായം. വിലയിടിവിനെത്തുടർന്ന് ഏലം കൃഷിയിറക്കുന്നവരുടെ എണ്ണം കുറയുകയാണ്. രോഗ കീടബാധകൾ ഏല ചെടികളെ പിടികൂടുന്നത് കർഷകരെ തളർത്തുന്നു. ഉയർന്ന കൂലിയും പരിപാലന ചെലവുകളും കണക്കാക്കുമ്പോൾ നഷ്ടക്കണക്കുകൾ മാത്രമാണ് ഏല കർഷകർക്ക് ഇപ്പോൾ പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.