പുൽപള്ളി (വയനാട്): കബനിയിൽ നീരൊഴുക്ക് കുറഞ്ഞതോടെ കർണാടകയിലേക്കും കേരളത്തിലേക്കും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ മിറകടന്ന് നടന്നുകയറുന്നു. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും പുഴയിലൂടെ നടന്ന് കബനിയുടെ ഇരു കരകളിലേക്കും എത്താം.
ഇത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക പരത്തുന്നു. മദ്യപിക്കാനും മറ്റുമായാണ് കൂടുതൽ ആളുകളും തോണിയിൽ കയറിയും മറ്റും കർണാടകയിലെ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ എത്തുന്നത്. ഇവിടെ ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ആളുകൾ ഇടപെടുന്നത്.
ആളുകൾ മിക്കപ്പോഴും പൊലീസ് പരിശോധനയും മറ്റും ഭയന്ന് പുഴയുടെ ഭാഗങ്ങളിലൂടെ മറുകരയിലേക്കും എത്തുന്നു. പലരും തോണി വഴി കർണാടകയിലെ വിവിധ പ്രദേശങ്ങളിലേക്കും പോകുന്നുണ്ട്. മിക്കവരും പരിശോധന ഇല്ലാത്ത ഭാഗങ്ങളിലൂടെ നടന്ന് ബസുകൾ കയറി കർണാടകയിലേക്ക് പോകുന്നതും പതിവായിട്ടുണ്ട്. അതിർത്തിയിൽ കാര്യക്ഷമമായ പരിശോധനകൾ നടക്കുന്നുമില്ല.
കോവിഡ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോവിഡ് ഫെസിലിറ്റേഷൻ സെൻററിലുണ്ടായ തർക്കം അതിർത്തിയിൽ വാഹനങ്ങൾ തടയുന്നതിന് ഇടയാക്കി. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കല്ലൂരിലും കർണാടക അതിർത്തിയിലുമാണ് തർക്കം ഉണ്ടായത്. കർണാടക സർക്കാർ ബസിൽ കേരളത്തിലേക്കു വന്ന ഏതാനും യാത്രക്കാരുടെ നടപടിയാണ് തർക്കങ്ങൾക്കിടയാക്കിയത്.
ബസ് കല്ലൂരിലെ കോവിഡ് ഫെസിലിറ്റേഷൻ സെൻററിൽ എത്തിയപ്പോൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെവന്ന യാത്രക്കാർ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇതിന് ഏതാനും യാത്രക്കാർ തയാറായില്ല.
ഇതോടെ ബസ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചില്ല. യാത്രക്കാരുമായി ബസ് അതിർത്തിയിലേക്ക് തിരിച്ചുപോയി. അതിർത്തിയിലെത്തിയ യാത്രക്കാർ അവിടെ പ്രതിഷേധിച്ചു. യാത്രക്കാർ വാഹനങ്ങൾ തടഞ്ഞു. കേരളത്തിൽനിന്ന് കർണാടകയിലേക്ക് പോയ ബസ് യാത്രക്കാരും സമരത്തിൽ കുടുങ്ങി. ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ അധികൃതരെത്തി പ്രതിഷേധിച്ച യാത്രക്കാരെ അനുനയിപ്പിച്ച് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു.
അതിർത്തിയിൽ ഇടക്കിടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതും ചട്ടങ്ങൾ മാറ്റുന്നതും സ്ഥിരംയാത്രക്കാരെ പ്രകോപിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിനും ഇത് ഇടയാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.