പുൽപള്ളി: പുൽപള്ളിയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേകാടിയിലെ കർഷകരുടെ വൈക്കോലിന് ഉയർന്ന വില. ഗന്ധകശാല ഉൾപ്പെടെയുള്ള നാടൻ നെൽവിത്തിനങ്ങളുടെ വൈക്കോലിനാണ് ആവശ്യക്കാരേറെ. ഇത് വാങ്ങാൻ വയനാടിന് പുറത്തുനിന്നുപോലും ആളുകളെത്തുന്നുണ്ട്.
ചേകാടിയിലെ നെൽകർഷകർക്ക് ഏറെ ആശ്വാസമാവുകയാണ് വൈക്കോൽവില വർധന. ഒരുമുടി വൈക്കോലിന് 65 മുതൽ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില 50 രൂപക്ക് താഴെയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കുരുങ്ങി കഴിഞ്ഞ വർഷം വൈക്കോൽ പലർക്കും വിൽക്കാനും കഴിഞ്ഞില്ല.
ഇത്തവണ കൊയ്ത്ത് കഴിഞ്ഞയുടൻതന്നെ ആളുകൾ വൈക്കോൽ തിരക്കിയെത്തി. കോഴിക്കോട് അടക്കമുള്ള ജില്ലകളിൽനിന്ന് വൈക്കോൽ വാങ്ങാൻ ഇവിടെ ആളുകൾ എത്തുന്നുണ്ട്. അമിത രാസവള, കീടനാശിനികൾ ഉപയോഗിക്കാതെ പഴയരീതിയിൽ തന്നെയാണ് ഇവിടത്തെ കൃഷി. അതുകൊണ്ടുതന്നെ കന്നുകാലികൾക്കും മറ്റും പലരും വൈക്കോൽ ഇവിടെനിന്നുതന്നെ വാങ്ങാൻ തയാറാകുന്നു.
ഇവിടത്തെ കർഷകരിൽ നല്ലൊരു പങ്കും ചെട്ടി വിഭാഗത്തിൽ നിന്നുള്ളവരാണ്. സ്വന്തം ഭക്ഷ്യാവശ്യങ്ങൾക്കായാണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കുന്നത്. പരമ്പരാഗത രീതിയിൽ നെൽകൃഷി സംരക്ഷിച്ചുവരുന്ന വയനാട്ടിലെ അപൂർവം പാടശേഖരങ്ങളിൽ ഒന്നാണ് ചേകാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.