പുൽപള്ളി: പഞ്ചായത്തിലെ ചെറുവള്ളിയിൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട പദ്ധതിയിൽനിന്ന് നാളിതുവരെ ഒരുതുള്ളി വെള്ളം പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 2005ൽ ചെറുവള്ളിയിൽ സ്ഥാപിച്ച കുളത്തിൽനിന്ന് അതേ വർഷം സ്ഥാപിച്ച വാട്ടർ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിന് 2022-23 വർഷം ജില്ല പഞ്ചായത്ത് 10.5 ലക്ഷം രൂപ വകയിരുത്തി. എന്നാൽ, ഇക്കാലയളവിനുള്ളിൽ ടാങ്കിലേക്ക് വെള്ളം എത്തിച്ചിട്ടില്ല. ടാങ്കും കുളവും തമ്മിൽ 500 മീറ്റർ വ്യത്യാസം മാത്രമേയുള്ളു. പൈപ്പിട്ടതല്ലാതെ തുടർ ജോലികളൊന്നും ചെയ്തില്ല.
അമ്പതോളം കുടുംബങ്ങൾക്ക് പദ്ധതി യാഥാർഥ്യമായാൽ വെള്ളം ലഭിക്കും. ഇതിൽ ഗോത്ര വിഭാഗക്കാരായ ആളുകൾ ഉൾപ്പെടെയുണ്ട്. നാൽപ്പതടിയോളം വിസ്തീർണമുള്ള കുളത്തിൽ നിറയെ വെള്ളമുണ്ട്. ഈ വെള്ളം ടാങ്കിലേക്ക് അടിച്ചുകയറ്റുക എന്ന ജോലി മാത്രമാണുള്ളത്. മറ്റെല്ലാ സംവിധാനങ്ങളും ഇതിനായി ഒരുക്കിയിട്ടുമുണ്ട്. പ്രവൃത്തിയുടെ മറവിൽ അഴിമതി നടന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. വെള്ളമെത്തിക്കുന്നതിനായി ഇനിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.