പുൽപള്ളി: വയനാട്ടിലും യന്ത്രവത്കൃത ചകിരിനിർമാണ യൂനിറ്റിന് തുടക്കം. ശശിമലയിലെ കർഷകനായ കവളക്കാട്ട് ജോസ് ആന്റണിയാണ് യൂനിറ്റ് ആരംഭിച്ചത്. ഈ വർഷം ആദ്യമാണ് യൂനിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ചകിരി സംസ്കരണ യൂനിറ്റിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മറ്റ് ജില്ലകളിലേക്കടക്കം ഇവിടെനിന്ന് ചകിരി കയറ്റിപോകുന്നുണ്ട്. വയനാട്ടിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സംരംഭം. നാളികേരം പൊതിച്ച ശേഷം അതിന്റെ തൊണ്ട് ഭൂരിഭാഗം ആളുകളും കളയുകയാണ് പതിവ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകരിൽനിന്നുമാണ് നാളികേരത്തിന്റെ തൊണ്ട് ജോസ് ആന്റണി സമാഹരിക്കുന്നത്. കർഷകരിൽനിന്നും നേരിട്ടെടുക്കുമ്പോൾ 30 പൈസയാണ് ഒരു തൊണ്ടിന് നൽകുന്നത്. യൂനിറ്റിൽ എത്തിച്ചുകൊടുത്താൽ 80 പൈസ നൽകും.
തൊണ്ടിൽനിന്ന് ചകിരി നാര് വേർതിരിക്കുന്ന പ്രക്രിയയാണ് മില്ലിൽ ആദ്യം നടക്കുന്നത്. ഇതിൽ നിന്നും ചകിരി ചോറ്, ചകിരി നാര് എന്നിങ്ങനെ തരംതിരിച്ചെടുക്കുന്നു. ചകിരി നാര് കയർ ഫെഡിനാണ് നൽകുന്നത്.
ചകിരി ചോറ് കാർഷിക നഴ്സറികൾക്കും ഓർഗാനിക് കോഴി ഫാമുകളിലേക്കുമടക്കം കൊണ്ടുപോകുന്നുണ്ട്. കർഷകർ കാർഷിക വിളകൾക്കായി മണ്ണിൽ പുതയിടാനും കൊണ്ടുപോകുന്നുണ്ട്. ജില്ല വ്യവസായ കേന്ദ്രത്തിന്റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് യൂനിറ്റിന്റെ പ്രവർത്തനം.
കയർ ബോർഡിന്റെ സഹായവും ലഭിക്കുന്നുണ്ട്. യൂനിറ്റ് പ്രവർത്തനം ആരംഭിച്ചതോടെ 30ഓളം പേർക്ക് ഇവിടെ തൊഴിൽ നൽകാനും കഴിയുന്നുണ്ട്. ഒരു കോടിയിലേറെ രൂപ മുതൽമുടക്കിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആളുകളിൽനിന്നും ലഭിക്കുന്നതെന്ന് ഉടമ ജോസ് ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.