പുല്‍പ്പള്ളി: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ നെയ്ക്കുപ്പയില്‍ നിന്നും പെരിക്കല്ലൂരിലെത്തിയ ആദിവാസി യുവാവിന് കോവിഡ് ബോധവത്ക്കരണം നല്‍കി ഔദ്യോഗികവാഹനത്തില്‍ കോളനിയിലെത്തിച്ച് ജില്ലാകലക്ടര്‍ അദീല അബ്ദുള്ളയുടെ മാതൃക. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ മുള്ളന്‍കൊല്ലിയിലെ പെരിക്കല്ലൂരില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രണ്ട് ആദിവാസി യുവാക്കള്‍ റോഡിലൂടെ പോകുന്നത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വാഹനം നിര്‍ത്തിയ കലക്ടര്‍ യുവാക്കളെ വിളിച്ചുവരുത്താന്‍ അകമ്പടി പോയ പുല്‍പ്പള്ളി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ കലക്ടറുടെ മുന്നിലെത്തിച്ചപ്പോള്‍ ഒരാള്‍ക്ക് മാസ്‌ക്ക് പോലുമില്ലായിരുന്നു. പിന്നീട് കലക്ടര്‍ അവര്‍ക്ക് മാസ്‌ക്കും, സാനിറ്റൈസറും നല്‍കി. തുടര്‍ന്ന് കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യമടക്കം പറഞ്ഞ് യുവാക്കളെ ബോധവാന്മാരാക്കി. യുവാക്കളിലൊരാള്‍ പെരിക്കല്ലൂര്‍ സ്വദേശിയായിരുന്നുവെങ്കിലും മറ്റൊരു യുവാവായ മനു നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയായിരുന്നു.
കോളനികളിലടക്കം കോവിഡ് വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടി ജില്ലാകലക്ടര്‍ അവര്‍ക്ക് മുന്നില്‍ ഏറെ സമയം ചിലവഴിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് കോളനികളില്‍ ഭക്ഷണ സാധനങ്ങളടക്കം എത്തിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
കോളനികളിലുള്ളവരെ കൂടി കോവിഡിന്‍റെ സാഹചര്യം പറഞ്ഞ് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കലക്ടറും ഒപ്പം വരണമെന്നായിരുന്നു നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ മനുവിന്‍റെ ആഗ്രഹം. പെരിക്കല്ലൂര്‍ പമ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തി മടങ്ങിവരുന്നത് വരെ കാത്തിരിക്കണമെന്നും കോളനിയില്‍ കൊണ്ടുവിടാമെന്നും ജില്ലാകലക്ടര്‍ ഉറപ്പ് നല്‍കി.
20 മിനിറ്റിന് ശേഷം കലക്ടര്‍ മടങ്ങിയെത്തി സ്വന്തം വാഹനത്തില്‍ മനുവിനെ കയറ്റി കോളനിയിലെത്തിക്കുകയും, കോളനിവാസികളെ കണ്ട് കോവിഡ് ബോധവത്ക്കരണം നടത്തുകയുമായിരുന്നു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരെങ്കിലും പെരിക്കല്ലൂരില്‍ നിന്നും കര്‍ ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.