പുൽപള്ളി: മാസങ്ങൾക്കു മുമ്പ് തകർന്ന പുൽപള്ളി പോസ്റ്റ് ഓഫിസിന്റെ മുൻഭാഗം നന്നാക്കാൻ നടപടിയില്ല. കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവായതോടെ പോസ്റ്റൽ വകുപ്പിന്റെ എ.ടി.എം കൗണ്ടർ അടച്ചുപൂട്ടി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. അന്നുതന്നെ പോസ്റ്റൽ വകുപ്പധികൃതർ ഇക്കാര്യം അറിയിച്ചെങ്കിലും ഒരു പ്രവൃത്തിയും നടന്നിട്ടില്ല.
എ.ടി.എം കൗണ്ടർ സ്ഥിതി ചെയ്തിരുന്നതിന്റെ മേൽഭാഗമാണ് കൂടുതലായും ഇടിഞ്ഞുവീണത്. ഒരു മാസം മുമ്പ് വീണ്ടും കോൺക്രീറ്റ് പാളികൾ നിലംപൊത്തി. തുടർന്നാണ് വലിയ ടാർപോളിൻ ഷീറ്റുകൊണ്ട് ഈ ഭാഗം അപ്പാടെ മൂടിക്കെട്ടിയത്. ഇതോടെ നിരവധി ആളുകൾക്ക് ആശ്രയമായ എ.ടി.എം കൗണ്ടറിന്റെ പ്രവർത്തനവും നിലച്ചു.
പോസ്റ്റൽ വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ എ.ടി.എം കൗണ്ടർ ആണിത്. തകർന്നഭാഗം നന്നാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്രവൃത്തി മാത്രം അനന്തമായി നീളുകയാണ്. എ.ടി.എം പ്രവർത്തനം നിലച്ചത് നിരവധി ആളുകളെയാണ് പ്രയാസപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.