ചെലവുകൾ വർധിച്ചു; ക്ഷീരകർഷകർ ദുരിതത്തിൽ

പുൽപള്ളി: പരിചരണ ചെലവുകൾ വർധിച്ചതോടെ ക്ഷീരകർഷകർ ദുരിതത്തിൽ. കാലിത്തീറ്റ, ഇൻഷുറൻസ്, മരുന്നുകൾ എന്നിവയുടെ വില കുത്തനെ ഉയർന്നതോടെ ക്ഷീരമേഖല പ്രതിസന്ധിയിലാണ്.

ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് വിലവർധന ഇടിത്തീയായി മാറിയിരിക്കുകയാണ്.

തീറ്റകളുടെ വിലക്കയറ്റം കൂടാതെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കുള്ള അധികച്ചെലവും കർഷകരെ തളർത്തുന്നു. പച്ചപ്പുല്ലിന്‍റെ ലഭ്യതക്കുറവ് പാലിന്‍റെ അളവ് കുറയാൻ കാരണമായിട്ടുണ്ട്. ഉൽപാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കാലിവളർത്തൽ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. സർക്കാർ സ്ഥാപനങ്ങളായ കേരള ഫീഡ്സിന്‍റെയും മിൽമയുടെയും തീറ്റവിലയും സമീപകാലത്ത് ഉയർന്നു. കാലിത്തീറ്റക്ക് ചാക്കിൻമേൽ 150 രൂപവരെ വർധിച്ചു.

പാൽവില ഉയർത്താതെ ഈ രംഗത്ത് പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. ഭൂരിഭാഗം കർഷകർക്കും ഒരു ലിറ്റർ പാലിന് 35 മുതൽ 38 രൂപ വരെയാണ് ലഭിക്കുന്നത്.

ക്ഷീരമേഖലയെ ആശ്രയിച്ച് വയനാട്ടിൽ ആയിരക്കണക്കിന് കുടുംബങ്ങൾ കഴിയുന്നുണ്ട്. മറ്റ് കൃഷികളെല്ലാം നശിച്ചപ്പോഴും മറ്റുമാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. കർഷകരെ സഹായിക്കാനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags:    
News Summary - Cost increased; Dairy farmers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.