പുൽപള്ളി: പുൽപള്ളി മേഖലയിൽ കന്നുകാലികൾക്ക് ചർമമുഴ രോഗം പടരുന്നു. ചികിത്സ സൗകര്യങ്ങളുടെ അഭാവം കർഷകരെ ദുരിതത്തിലാക്കുകയാണ്.
കന്നുകാലികൾക്ക് ചർമമുഴ വ്യാപിക്കാൻ തുടങ്ങിയതോടെ ക്ഷീരകർഷകർ ബുദ്ധിമുട്ടിലാണ്. മാരപ്പൻമൂല, കോളറാട്ടുകുന്ന്, മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളിലെ നിരവധി കർഷകരുടെ കന്നുകാലികൾക്കാണ് രോഗം പടർന്നുപിടിക്കുന്നത്. കോളറാട്ടുകുന്ന് കടുവനാൽ തോമസിന്റെ പശുവും കിടാവും രോഗബാധയെ തുടർന്ന് ചത്തുപോയിരുന്നു. കോളറാട്ടുകുന്ന് ആനി, തോട്ടത്തിൽ ജോർജ്, മാരപ്പൻമൂല അയ്യന്നംപറമ്പിൽ ജോൺ എന്നിവരുടെ പശുക്കളും ചത്തു.
മൂഴിമല ആലുങ്കൽ ടോമി, കരിഞ്ഞാലിൽ രാജു, എള്ളുങ്കൽ ബേബി തുടങ്ങിയവരുടെ കന്നുകാലികളും ചർമമുഴ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്. മൃഗസംരക്ഷണ വകുപ്പ് ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.ഈ രോഗത്തിന് കൃത്യമായ മരുന്നുകൾ പുൽപള്ളി മൃഗാശുപത്രിയിൽനിന്ന് ലഭിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.
പശുക്കൾ ചത്ത കർഷകർ ഇതുസംബന്ധിച്ച് ക്ഷീരവികസന വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകിയെങ്കിലും അവരും ഇക്കാര്യത്തിൽ ഒരു ശ്രദ്ധയും ചെലുത്തുന്നില്ല. കാലിത്തീറ്റയുടെ വിലവർധനയും മറ്റ് വർധിച്ച ചികിത്സച്ചെലവുകളും മൂലം ദുരിതത്തിലായിരിക്കുന്ന ക്ഷീരകർഷകർക്ക് തങ്ങളുടെ ഉപജീവനമാർഗമായ പശുക്കൾക്ക് ചർമമുഴ കൂടി വരുന്നതോടെ ദുരിതം വർധിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.