പുൽപള്ളി: കബനി നദിയിൽ തോണി സർവിസ് നടത്തുന്ന തൊഴിലാളികൾക്ക് തൊഴിലില്ലാതായിട്ട് എട്ട് മാസം. ഈ വർഷം ലോക്ഡൗൺ ആരംഭിച്ചശേഷം തോണി സർവിസ് പുനരാരംഭിക്കാൻ പറ്റിയിട്ടില്ല. കർണാടകയിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ് തോണിക്കാരും പ്രതിസന്ധിയിലായത്. പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലായി പതിനഞ്ചോളം തോണികളാണുള്ളത്.
ഇവരാണ് ആളുകളെ കർണാടകയിലേക്കും കേരളത്തിലേക്കും എത്തിച്ചുകൊണ്ടിരുന്നത്. കർണാടക റോഡ് മാർഗം മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂ എന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇവർക്ക് പണിയില്ലാതായത്. ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽനിന്നായി ഇരുനൂറോളം വിദ്യാർഥികൾ വയനാട്ടിൽ വന്ന് പഠിക്കുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസവും മുടങ്ങി. കഴിഞ്ഞ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നെങ്കിലും വിദ്യാർഥികളെ ഇവിടേക്ക് കൊണ്ടുവരാൻ കർണാടക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ ഓൺലൈനിൽ മാത്രമാണ് ഇവരുടെ പഠനം. തോണിക്കാർ പണിയില്ലാതായതോടെ മറ്റ് തൊഴിലുകളിലേക്ക് മാറുകയാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ എപ്പോൾ മാറ്റുമെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.