പുൽപള്ളി: കാർഷിക സംസ്കൃതിയും ഗോത്രപൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്തുപിടിക്കുന്ന പുൽപള്ളി ചേകാടിയിൽ ഫാം ടൂറിസവുമായി കർഷകർ രംഗത്ത്. സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതിയിൽ ഇടം പിടിച്ച സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ ഒന്നാണ് ചേകാടി . 90 ശതമാനവും ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ചേകാടി പ്രകൃതി ഭംഗിയാൽ സമ്പന്നമാണ്.
കൃഷിയെ ഹൃദയത്തോടു ചേർത്തുനിർത്തുന്ന നാടാണ് ചേകാടി. നൂറ്റാണ്ടുകളായി കൃഷിയെ സംരക്ഷിച്ചുപോരുന്നു. വിഷം തൊടാത്ത പച്ചക്കറികളും ഇവിടെ ലഭിക്കും. ചേകാടിയിലെ കർഷകനായ വിശ്വമന്ദിരം അജയകുമാർ നാടൻ നെല്ലിനമായ ഗന്ധകശാല അരിയുടെ ഉപ്പുമാവും നെയ്ച്ചോറും നാടൻ കോഴിക്കറിയുമെല്ലാം ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കായി നൽകുന്നുണ്ട്. ഈയടുത്ത് ആരംഭിച്ച ഈ സംരംഭം വിജയപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്. പുല്ലുമേഞ്ഞ ചെറിയ ഹട്ടുകളും നാടൻ പൂച്ചെടികളുമെല്ലാം ഇതിനോടുട് ചേർന്നുണ്ട്. വയ്ക്കോൽ മേഞ്ഞ ചെറിയ കുടിലുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നു.
സ്വാഭാവിക വനത്തിലൂടെയുള്ള യാത്രയും വിശാലമായ പാടശേഖരങ്ങളുമെല്ലാം ഇവിടെയെത്തുന്നവരുടെ മനം കവരുന്നു. പരമ്പരാഗത നെല്ലിനമായ ഗന്ധകശാല കൃഷി ഏറ്റവും കൂടുതലുള്ള പ്രദേശം കൂടിയാണിത്. നൂറോളം ആദിവാസി കുടുംബങ്ങളാണ് ചേകാടിയിലുള്ളത്. ബാക്കിയുള്ളവർ ചെട്ടി വിഭാഗമാണ്. മൂന്ന് ഭാഗവും വനവും ഒരു ഭാഗം കബനിയുമാണ്. സ്ട്രീറ്റ് ടൂറിസം പദ്ധതി വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.