പുൽപള്ളി: പാടശേഖരത്തിൽ ഒരു നൂറ്റാണ്ടിലധികമായി നെൽകൃഷി മാത്രംചെയ്ത് പുൽപള്ളി പഞ്ചായത്തിലെ ചാത്തമംഗലത്തെ കർഷകർ. മറ്റിടങ്ങളിലെല്ലാം വയലുകൾ മറ്റു കൃഷികൾക്ക് വഴിമാറുമ്പോൾ ഇവിടെ നെൽകൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയാണ് 50ലധികം കർഷകർ.
നെൽകൃഷി നഷ്ടത്തിലാണെങ്കിലും അതിനെ നെഞ്ചോടു ചേർക്കുന്നു ഇവർ. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഇവരുടെ കൃഷി. വനത്തോട് തൊട്ടുരുമ്മി കിടക്കുന്ന പ്രദേശമാണ് ചാത്തമംഗലം. വീട്ടിമൂല പാടശേഖരത്തിന് കീഴിലാണ് ഇവിടം. വന്യജീവി ശല്യം രൂക്ഷമായതിനാൽ 30 ഹെക്ടറോളം സ്ഥലത്തായി നിരവധി ഏറുമാടങ്ങളാണ് കർഷകർ കെട്ടി ഉയർത്തിയത്. ഞാറ് നടുന്നതു മുതൽ വിളവെടുക്കുന്നതു വരെ ഇവിടെ കാവലിരിക്കുകയാണ് ഇവർ.
സുഗന്ധ നെല്ലിനമായ ഗന്ധകശാലയടക്കം ഇവിടെ കൃഷിയിറക്കുന്നു. മിക്ക കർഷകരും ജൈവ രീതിയിലാണ് കൃഷി. വിപണിയിൽനിന്ന് ലഭിക്കുന്ന മായംകലർന്ന അരിയും മറ്റും ആരോഗ്യത്തിന് ദോഷകരമാവുമെന്ന തിരിച്ചറിവ് കർഷകർക്കുമുണ്ട്. അതുകൊണ്ടാണ് നഷ്ടം സഹിച്ചും ഇവിടത്തെ കർഷകർ നെൽകൃഷിയിൽ സജീവമാകുന്നതെന്ന് പാടശേഖര സമിതി അംഗം ബേബി കൈനിക്കുടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.