പുൽപള്ളി: സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബാങ്കിനുമുന്നിൽ ബുധനാഴ്ച രാവിലെ മുതൽ സമരം നടന്നത്. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ സി.പി.എം പ്രവർത്തകർ ബാങ്ക് തുറക്കാൻ അനുവദിക്കാതെ ഉപരോധിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. മൃതദേഹവുമായി ജനകീയ സമര സമിതിയും ഏറെനേരം പ്രതിഷേധിച്ചു. ബി.ജെ.പി, ആം ആദ്മി പാർട്ടി, കേരള കോൺഗ്രസ് എം തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
പോസ്റ്റുമോർട്ടത്തിനുശേഷം ആശുപത്രിയിൽനിന്ന് വിട്ടുകിട്ടിയ മൃതദേഹവുമായി സമര സമിതി പ്രവർത്തകരും വീട്ടുകാരും പുൽപള്ളി താഴെ അങ്ങാടിയിൽ എത്തുകയും പിന്നീട് വിലാപ യാത്രയായി മൃതദേഹം ബാങ്കിന് മുന്നിൽ എത്തിക്കുകയും ചെയ്തു.
തുടർന്ന് മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാമിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത് ടൗണിനടുത്ത് പൊലീസ് തടഞ്ഞു. ഇതോടെ മൃതദേഹവുമായി സമര സമിതി പ്രവർത്തകർ വീണ്ടും ബാങ്കിനുമുന്നിൽ തിരിച്ചെത്തി. ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തിറക്കാൻ പൊലീസ് അനുവദിച്ചില്ല. ഇതേച്ചൊല്ലി ഏറെനേരം വാക്കുതർക്കമുണ്ടായി.
പിന്നീട് സുൽത്താൻ ബത്തേരി തഹസിൽദാർ ഷാജി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ചർച്ചയിൽ രാജേന്ദ്രന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് തഹസിൽദാർ ഉറപ്പ് നൽകി. ഇതേത്തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൽപറ്റ: പുൽപള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലാ കലക്ടറും പുൽപള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
കേസ് കൽപറ്റയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. രാജേന്ദ്രന്റെ പേരിൽ രണ്ടു വായ്പകളിലായി 46.58 ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്. രാജേന്ദ്രനെ കബളിപ്പിച്ച് വായ്പ എടുത്തുവെന്നാണ് ആരോപണം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.