പുൽപള്ളി: സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായ കർഷകനെ വീടിന് സമീപത്തെ തോട്ടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാങ്കിനെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകൾ. കേളക്കമല ചെമ്പകമൂല സ്വേദശി രാജേന്ദ്രൻ നായരാണ് ആത്ഹമത്യ ചെയ്തത്. ഇതോടെ ബാങ്കിൽ നടന്ന വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന മുൻ ബാങ്ക് ഭരണസമിതിയുടെ കാലത്താണ് തട്ടിപ്പ് നടന്നത്. എട്ടര കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. തുടർന്ന് ജനകീയ ഭരണസമിതി 212 ദിവസം ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് സമരം നിർത്തിയത്. കേസിപ്പോൾ ഹൈകോടതിയിലാണ്.
ക്രമക്കേടുമായി ബന്ധപ്പട്ട മുഴുവൻ രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണ നിരോധന നിയമം വഴിയാണ് അന്വേഷണം. 2015 മുതൽ 2017 വരെയുള്ള ഇടപാടുകളാണ് അന്വേഷിച്ചത്. കെ.കെ. അബ്രഹാം, ഇന്റേണൽ ഓഡിറ്റർ പി.യു. തോമസ് എന്നിവർക്കെതിരെയാണ് അന്വേഷണം. 2018 ൽ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു. വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും കോൺഗ്രസ് പാനൽ തന്നെ അധികാരത്തിലെത്തി.
വായ്പ 73,000 മാത്രമെന്ന് കുടുംബം, ബാങ്ക് രേഖയിൽ 40 ലക്ഷത്തോളം കർഷകൻ ആത്മഹത്യ ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. നഷ്ടപ്പെട്ട തുക തിരികെ കിട്ടുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ജനകീയസമരസമിതി പ്രക്ഷോഭത്തിലാണ്. രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പ എടുത്തതായും നിലവിൽ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശ്ശിക ഉണ്ടെന്നുമാണ് ബാങ്കിന്റെ രേഖകളിലുള്ളത്.
എന്നാൽ 73,000 രൂപ മാത്രമാണ് വായ്പ എടുത്തതെന്ന് രാജേന്ദ്രന്റെ കുടുംബാംഗങ്ങൾ പറയുന്നു. ലക്ഷക്കണക്കിന് രൂപ ഭൂമിയുടെ രേഖ വച്ച് ബിനാമി സംഘം തട്ടിയെടുത്തെന്നും വീട്ടുകാർ പറഞ്ഞു. തന്റെ പേരിൽ ബാങ്കിൽ വൻ തുക ബാധ്യത ഉണ്ടെന്ന് അറിഞ്ഞത് മുതൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. 2016 - 17 കാലയളവിലാണ് ബാങ്കിൽ നിന്നും പണം കടമെടുത്തത്.
താനറിയാതെ അന്നത്തെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് ഇദ്ദേഹം ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നു. രാജേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. കലക്ടറോ ആർ.ഡി.ഒ യോ വന്നാൽ മാത്രമേ മൃതദേഹം മാറ്റാൻ സമ്മതിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
തുടർന്ന് ബത്തേരി തഹസിൽദാർ ഷാജി, ഡി.വൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവർ സ്ഥലത്തെത്തി പ്രതിക്ഷേധക്കാരുമായി ചർച്ച നടത്തി. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റ്മോട്ടത്തിനായി കൊണ്ടുപോയി.
പുൽപള്ളി: കർഷകൻ ആത്മഹത്യചെയ്ത സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം പ്രവർത്തകർ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
ശകതമായ നടപടി സ്വീകരിക്കും വരെ സമരം തുടരും. ബുധനാഴ്ചയും ബാങ്കിന് മുന്നിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഇവർ പറഞ്ഞു. എ.വി. ജയൻ, എം.എസ്. സുരേഷ് ബാബു, സജി തൈപ്പറമ്പിൽ, കുശൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുൽപള്ളി: ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായ കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.ഐ പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിൽ നടന്ന പ്രകടനത്തിന് ടി.സി. ഗോപാലൻ, ടി.കെ. വിശ്വംഭരൻ, എസ്.ജി. സുകുമാരൻ, സുശീല സുബ്രമണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുൽപ്ള്ളി: വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ എന്ന കർഷകൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ദുരൂഹമാണെന്നും കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പുൽപള്ളി: മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപള്ളി സർവിസ് സഹകരണ ബാങ്ക്. 2016 ൽ അധികാരത്തിലിരുന്ന ഭരണസമിതിക്കെതിരെയാണ് രാജേന്ദ്രൻ പരാതി നൽകിയത്. വിഷയത്തിൽ വിജിലൻസ് കേസെടുത്ത് ചില ഭരണസമിതി അംഗങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനുള്ള നടപടി ആരംഭിച്ചതായും ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.