പുൽപള്ളി: ജപ്തി നടപടികളുമായി വീണ്ടും ധനകാര്യ സ്ഥാപനങ്ങൾ. വയനാട്ടിൽ 3000ലേറെ പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി കർഷകർ പറയുന്നു. അടുത്ത മാസം വീടും പുരയിടവും ജപ്തി ചെയ്യുമെന്ന നോട്ടീസ് ലഭിച്ചവരുടെ എണ്ണവും ഏറെയാണ്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സർഫാസി ആക്ട് പ്രകാരം ജപ്തി നടപടികൾ ഊർജിതമാക്കിയിരിക്കുന്നത്. പണയ വസ്തു സർഫാസി നിയമ പ്രകാരം പിടിച്ചെടുക്കുമെന്ന് അറിയിച്ച് നോട്ടീസ് ലഭിച്ചവർ ആശങ്കയിലാണ്. 2010 മുതൽ വായ്പയെടുത്ത് പണം തിരിച്ചടക്കാൻ പറ്റാത്ത കർഷകർക്കാണ് നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ചില സഹകരണ ബാങ്കുകളുടെ നോട്ടീസും ഉൾപ്പെടും.
തിരിച്ചടവിന് ഇനി സാവകാശം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബാങ്കുകൾ എന്ന് വായ്പയെടുത്തവർ പറയുന്നു. പലിശയും പിഴപ്പലിശയും അടക്കം എടുത്ത വായ്പയുടെ നാലിരട്ടി വരെ തുക തിരിച്ചടക്കണമെന്ന നോട്ടീസുകളാണ് ലഭിച്ചിരിക്കുന്നത്. ജപ്തിയുമായി ബാങ്കുകൾ മുന്നോട്ടുപോയാൽ ആത്മഹത്യയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.
ശശിമലയിലെ കർഷകനായ തടത്തിൽ രവി, പാടിച്ചിറയിലെ ചെറിയമ്പനാട്ട് അപ്പച്ചൻ, കാട്ടാംകോട്ടിൽ ബിജോ എന്നിങ്ങനെ നീളുന്നു ജപ്തി ഭീഷണി നേരിടുന്ന കർഷകരുടെ പേരുകൾ. കാർഷിക -കാർഷികേതര വായ്പകളിന്മേലാണ് ധനകാര്യ സ്ഥാപനങ്ങൾ ജപ്തിയുമായി മുന്നോട്ടുപോകുന്നത്. തിരിച്ചടവിന് സാവകാശം നൽകണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജപ്തിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കർഷകർ.
സംസ്ഥാന സർക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പാവപ്പെട്ട ജനവിഭാഗങ്ങൾ പ്രതിസന്ധിയിലായിരിക്കെ ബാങ്കുകളുടെ കർഷക ദ്രോഹ നടപടികൾ കർഷകരെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് പറഞ്ഞു.
കഴിഞ്ഞ കാലത്ത് സബ്സിഡി തുക ഇനത്തിൽ 30 കോടി രൂപ ജില്ലയിലെ സഹകരണ ബാങ്കുകൾക്ക് സർക്കാർ കൊടുക്കാനുണ്ട്. ഇതിനുപുറമെ കടാശ്വാസ കമീഷൻ നടത്തിയ സിറ്റിങ്ങുകളിലൂടെ നൽകിയ ഇളവുകളുടെ ഇനത്തിൽ 22 കോടിയിലേറെ വേറെയും നൽകാനുണ്ട്. ഈ അനീതി അവസാനിപ്പിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.