പുൽപള്ളി: വനാതിർത്തി ഗ്രാമങ്ങളിലെ കന്നുകാലികളുടെ ജീവന് ഭീഷണി ഉയർത്തി ചെള്ളുപനി വ്യാപിക്കുന്നു.പഞ്ചായത്തിലെ ചേകാടിയിലും വെളുകൊല്ലിയിലുമായി നാലു പശുക്കൾ രോഗം ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചത്തു. വെളുകൊല്ലി ചന്ദ്രാലയം അനന്തപ്രകാശിന്റെ രണ്ടു പശുക്കളാണ് അടുത്തടുത്ത ദിവസങ്ങളിൽ ചെള്ളുപനി ബാധിച്ച് ചത്തത്. ആറുമാസം ഗർഭാവസ്ഥയിലുള്ള പശുക്കളാണിവ. രോഗലക്ഷണം കണ്ടപ്പോൾ വെറ്ററിനറി ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്ന് പശുക്കളെ കാണിച്ചിരുന്നു. മരുന്ന് കൊടുത്തെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇവ ചത്തു.
ചേകാടിയിലും ഇത്തരത്തിൽ രണ്ടു പശുക്കൾ ചത്തിട്ടുണ്ട്. വനാതിർത്തി പ്രദേശങ്ങളിലെ സാധാരണക്കാരായ കർഷകർ പശുക്കളെ ഇൻഷൂര്‍ ചെയ്തിട്ടുമില്ല. ഇക്കാരണത്താൽ ഇവരുടെ ജീവിതമാർഗം നിലക്കുമെന്ന സ്ഥിതിയാണ്.കടുത്ത പനി, തീറ്റ എടുക്കാതിരിക്കുക എന്നിവയാണ് രോഗലക്ഷണങ്ങൾ. അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെ പശുക്കൾക്ക് ചികിത്സ ഉറപ്പുവരുത്തണമെന്നും രോഗം ബാധിച്ച് ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പുൽപള്ളി: ചേകാടി വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികൾക്ക് ചെള്ളുപനി വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചെള്ളുപനി മൂലം ചത്ത കന്നുകാലികളുടെ ഉടമകൾക്ക് തക്കതായ നഷ്ടപരിഹാരം നൽകണം. വന്യമൃഗശല്യം മൂലം മറ്റു കൃഷികൾ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന കർഷകരെ സംരക്ഷിക്കണമെന്നും കിസാൻസഭ ആവിശ്യപ്പെട്ടു.യോഗത്തിൽ പി.കെ. രാജപ്പൻ അധ്യക്ഷതവഹിച്ചു. എൻ.പി. വേലായുധൻ നായർ, വി.എൻ. ബിജു, പി.എം. ജയചന്ദ്രൻ, സി.കെ. ശിവദാസൻ, സുധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.