പുൽപള്ളി: മാംസോൽപാദന മേഖലയിൽ സ്വയം പര്യാപ്തമാവാനും ഗ്രാമീണ സമ്പദ്ഘടനയിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും പോത്തുവളർത്തൽ സംരംഭവുമായി പുൽപള്ളി പഞ്ചായത്ത്. ശാസ്ത്രീയമായ അറവു ശാലയും മാംസ വിപണന സംവിധാനവും ഇതിലൂടെ ഒരുക്കും. ഇതിന്റെ ഭാഗമായി പൊതുവിഭാഗം കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. 15,000 രൂപ വിലമതിക്കുന്ന പോത്തുകുട്ടികളെയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. വനാതിർത്തി ഗ്രാമങ്ങളിലെ തീറ്റ വസ്തുക്കളുടെ ലഭ്യതയും ലളിതമായ സംരക്ഷണ രീതികളും ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങളും പുൽപ്പള്ളിയെ സംബന്ധിച്ചെടുത്തോളം പദ്ധതിക്ക് അനുകൂല ഘടകങ്ങളാണ്. 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 66 ഗുണഭോക്തൃ കുടുംബങ്ങൾക്കാണ് ആനുകൂല്യം നൽകുന്നത്. പുൽപള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്നു വാർഷിക പദ്ധതികളിലൂടെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 850 ഓളം പോത്തു വളർത്തൽ യൂനിറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
ഈവർഷത്തെ ആദ്യത്തെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീദേവി മുല്ലക്കൽ, വാർഡ് മെംബർ ജോഷി ചാരുവേലിൽ തുടങ്ങിയവർ സംസാരിച്ചു. പുൽപള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ സ്വാഗതവും പദ്ധതി കോഓഡിനേറ്റർ എ.കെ. രമേശൻ നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സുനിത, ബിനോയി ജെയിംസ് , ജീവനക്കാരായ പി.ജെ. മാത്യു , പി.ആർ. സന്തോഷ് കുമാർ, പി.എസ്. മനോജ് കുമാർ, ജയ സുരേഷ് തുടങ്ങിയവർ പോത്തു കുട്ടികൾക്കുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, സൗജന്യ മരുന്നു വിതരണം, ഇൻഷുറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.