പുൽപള്ളി: കബനി തീരത്തെ കൊളവള്ളിയിൽ ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. ടൂറിസം പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വനവികസന സമിതി രൂപവത്കരിക്കും. കേരള-കർണാടക അതിർത്തി പങ്കിടുന്ന കൊളവള്ളിയിൽ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കൊളവള്ളി പാടശേഖരത്തോട് ചേർന്നാണ് കബനി നദിയൊഴുകുന്നത്. ഇവിടെ 40 ഏക്കറോളം സ്ഥലം വനംവകുപ്പിന്റെ അധീനതയിലുണ്ട്. ഈ സ്ഥലത്താണ് ടൂറിസം പദ്ധതി നടപ്പാക്കുക. ഇവിടം ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ഗ്രാമപഞ്ചായത്ത് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു.
വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ തടാകം ഉണ്ടാക്കി ബോട്ട് സർവിസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ പാർക്കടക്കം ഒരുക്കാനും പദ്ധതിയുണ്ട്. പ്രകൃതി മനോഹരമായ പ്രദേശമാണ് കൊളവള്ളി. കന്നാരം പുഴയും കബനി നദിയും കേരളത്തിൽനിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായുള്ള സ്ഥലംകൂടിയാണിത്.
വനത്തോടുചേർന്ന സ്ഥലമായതിനാൽ വൈകീട്ടും മറ്റും ധാരാളം വന്യമൃഗങ്ങൾ വെള്ളം കുടിക്കാനും മറ്റുമായി ഇവിടെയെത്തുന്നത് മനോഹര കാഴ്ചയാണ്. വനവികസന സമിതി രൂപവത്കരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.