പുൽപള്ളി: കാട്ടാനശല്യം രൂക്ഷമായ പൂതാടി പഞ്ചായത്തിലെ ഇരുളം, മൂന്നാനക്കുഴി, ഓർക്കടവ്, ചുണ്ടക്കൊല്ലി പ്രദേശങ്ങളിൽനിന്നും ഇവയെ ഉൾക്കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകൾ എത്തി. മുത്തങ്ങ ആനപ്പന്തിയിലെ കുങ്കിയാനകളായ ഉണ്ണികൃഷ്ണനും കുഞ്ചുവുമാണ് എത്തിയത്. ചെതലയം ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ജനവാസ പ്രദേശങ്ങളിൽ സന്ധ്യ മയങ്ങുന്നതോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നേരം പുലരുവോളം കൃഷിയിടങ്ങളിലും മറ്റും തങ്ങുകയാണ്.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്. പലപ്പോഴും ഇവ സമീപത്തെ എസ്റ്റേറ്റിൽ തന്നെയാണ് പകൽ സമയം തങ്ങുന്നത്. ഈ ആനകളെ തുരത്തുന്നതിനായാണ് കുങ്കിയാനകൾ എത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെ കുങ്കിയാനകളെ പാമ്പ്ര എസ്റ്റേറ്റിന് അടുത്ത് എത്തിച്ചു. തൃശൂരിൽ ഇതേ രീതിയിൽ കുങ്കിയാനകളെ ഉപയോഗിച്ച് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തിയിരുന്നു. വരും ദിവസങ്ങളിലും കാട്ടാനകളെ തുരത്തുന്നത് തുടരുമെന്ന് വനപാലകർ അറിയിച്ചു. ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.