പുൽപള്ളി: സഹയാത്രികൻ വിട്ടുപോയതറിയാതെ രാവും പകലും കൂട്ടിരുന്ന് തെരുവുനായ്. മുള്ളൻകൊല്ലിയിലാണ് കരളലിയിക്കുന്ന ഈ കാഴ്ച. ഞായറാഴ്ച വൈകീട്ടോടെയാണ് തെരുവുനായ് മുള്ളൻകൊല്ലി സൊസൈറ്റി കവലക്കു സമീപം വാഹനമിടിച്ച് ചത്തത്. നായ് ചത്തതോടെ ഒട്ടേറെ നായ്ക്കൾ ഇവിടെ എത്തിയിരുന്നു.
നായെ വാഹനം ഇടിച്ചുവീഴ്ത്തുന്നത് ഒപ്പമുണ്ടായിരുന്ന നായ് കണ്ടിരുന്നു. ഇതോടെ ഈ വഴി വന്ന വാഹനങ്ങൾക്കുനേരെ കുരച്ചുചാടി. പിന്നീട് ചത്തുകിടന്ന നായ്ക്കൊപ്പം ഈ നായും കിടന്നു. നാട്ടുകാർ പലതവണ ഓടിച്ചുവിടാൻ നോക്കിയെങ്കിലും നടന്നില്ല. നിസ്സഹായനായി തലതാഴ്ത്തിയുള്ള നായുടെ ദയനീയ ദൃശ്യം ആളുകളെ നൊമ്പരപ്പെടുത്തി.
ഭക്ഷണം നൽകി നായെ മാറ്റാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. നിരവധി പേരാണ് ഈ കാഴ്ച കാണാനെത്തിയത്. മുള്ളൻകൊല്ലി ടൗണിൽ നാട്ടുകാർ ടിപ്പു എന്ന് വിളിക്കുന്ന നായെ പിന്നീട് നീക്കിയ ശേഷമാണ് ചത്ത നായെ മറവുചെയ്തത്. മുള്ളൻകൊല്ലിയിലെ സാമൂഹിക പ്രവർത്തകനായ ആന്റണിയുടെ നേതൃത്വത്തിലാണ് ഒപ്പമുണ്ടായിരുന്ന നായെ ഇവിടെനിന്ന് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.