പുൽപള്ളി: കാരാപ്പുഴയിലെ വെള്ളത്തിന്റെ കരുത്തിൽ കബനി ജലസമൃദ്ധമായി. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാരാപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം വെള്ളിയാഴ്ച രാത്രിയാണ് മരക്കടവിലെ താൽക്കാലിക തടയണയിലെത്തിയത്. വെള്ളമെത്തിയതോടെ രണ്ടു പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണം ആരംഭിച്ചു. മൂന്നുദിവസം മുമ്പാണ് കാരാപ്പുഴ ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടത്. 60 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് വിവിധ തോടുകളിലൂടെയും പുഴകളിലൂടെയും വെള്ളം മരക്കടവിൽ കെട്ടിയ തടയണയിണയിലെത്തിയത്.
വെള്ളമെത്തിയ ഉടൻ മരക്കടവിൽ കെട്ടിയ തടയണയിൽ നിന്ന് വെള്ളം പമ്പ് ഹൗസിലേക്ക് അടിച്ചു കയറ്റി ശുദ്ധീകരിച്ച ശേഷം ഇരു പഞ്ചായത്തുകളിലേക്കും ജലവിതരണം ആരംഭിച്ചു. കാരാപ്പുഴയിലെ കനാൽ വിതരണ ശൃംഖലയിലൂടെ അഞ്ച് ക്യൂമകസ് ജലമാണ് കബനിയിലേക്ക് തുറന്നിരിക്കുന്നത്. കബനി പുഴ വീതി കൂടിയ നിലയിലാണ്. പാറക്കെട്ടുകളായിരുന്നു എങ്ങും. അതുകൊണ്ട് തന്നെ പതുക്കെയാണ് മരക്കടവിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
കൂടൽ കടവ് തടയണയിൽ സംഭരിച്ചിരിക്കുന്ന വെള്ളം ജലനിരപ്പ് ക്രമീകരിച്ചാണ് താഴേക്ക് ഒഴുക്കുന്നത്. ജില്ലയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ജലമെത്തിക്കുന്ന ശ്രമകരമായ ദൗത്യമാണ് വിജയിച്ചിരിക്കുന്നത്. ആദ്യത്തെ പരീക്ഷണം കൂടിയാണ് ഇത്. നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുള്ള താൽക്കാലിക സംവിധാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. വരണ്ടുണങ്ങിയ നിലയിൽ കിടന്ന കബനി നദിക്ക് പുതുജീവനേകിയിരിക്കുകയാണ് കാരാപ്പുഴയിലെ ജലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.