പുൽപള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ലിഡാർ സർവേയുടെ പ്രാരംഭ നടപടികൾ തുടങ്ങി. സർവേയുടെ ആദ്യഘട്ടമായി ബെഞ്ച് മാർക്ക് ട്രാൻസ്ഫർ ചെയ്യുന്ന പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം സർവേ സംഘം പുൽപള്ളിയിൽ എത്തും. ഡൽഹി ആസ്ഥാനമായുള്ള കമ്പനിക്കാണ് സർവേയുടെ കരാർ നൽകിയിരിക്കുന്നത്. കടമാൻതോട്, മുദള്ളി തോട്, കുറിച്ചിപ്പറ്റതോട് എന്നിവിടങ്ങൾ സർവേയുടെ പരിധിയിൽ വരും.
33 ലക്ഷം രൂപയാണ് സർവേക്കായി അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. റിസർവോയറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സർവേയിലൂടെ പഠിക്കും. ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട സർവേയിൽ കെട്ടിടങ്ങളുടെ എണ്ണം, റോഡുകൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം കൃത്യമായി പഠിക്കും.
ഡാമിന്റെ ഉയരം തീരുമാനിച്ചു കഴിഞ്ഞാലാണ് റിസർവോയർ പരിധിയിലെ കെട്ടിടങ്ങളുടെ എണ്ണവും കൃഷി ഭൂമിയുടെ അളവുമെല്ലാം കൃത്യമായി മനസ്സിലാക്കാൻ കഴിയുക. വെള്ളം ലിഫ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുദള്ളി തോട്, കുറിച്ചിപറ്റ തോട് എന്നിവിടങ്ങളിലെ ചെക്ക്ഡാമുകൾ അടക്കമുള്ള മുഴുവൻ കാര്യങ്ങളും പഠിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.