പുൽപള്ളി: കബനിക്കുകുറുകെ മരക്കടവിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കെട്ടിയ തടയണയിൽ വെള്ളമെത്തുന്നത് നിയന്ത്രണവിധേയമായി. കഴിഞ്ഞ ദിവസം താൽക്കാലിക തടയണക്ക് മുകളിലൂടെ വെള്ളം ഒഴുകി ബീച്ചനഹള്ളി അണക്കെട്ടിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് കാരാപ്പുഴ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കി വിടുന്നത് നിർത്തിവെച്ചത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ രൂക്ഷമായ വരൾച്ചയെത്തുടർന്ന് കബനിയിൽ നിന്നും വെള്ളമെടുക്കാൻ പറ്റാത്ത സാഹചര്യം ഉടലെടുത്തിരുന്നു. പുഴ വറ്റിയതിനാൽ മരക്കടവിൽനിന്ന് കുടിവെള്ള പദ്ധതിയിലേക്കുള്ള പമ്പിങ്ങും മുടങ്ങിയിരുന്നു.
ഇതേത്തുടർന്നാണ് ഏതാനും ദിവസം മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ തടയണ കെട്ടിയത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു തടയണ കെട്ടിയത്. ഈ മാസം 17ന് കാരാപ്പുഴിൽ നിന്ന് തുറന്നുവിട്ട വെള്ളം 19ന് രാത്രിയാണ് കബനിയിലെത്തിയത്. താൽക്കാലികമായി ഉണ്ടാക്കിയ തടയണക്ക് മുകളിലൂടെ വെള്ളം തുടക്കത്തിൽ ധാരാളമായി ഒഴുകിയിരുന്നു. ഇതേത്തുടർന്നാണ് കാരാപ്പുഴയിൽ നിന്നുള്ള വെള്ള വിതരണം നിർത്തലാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശകതമായ മഴയും ലഭിച്ചിരുന്നു. ഇതും പുഴയിൽ ജലലഭ്യതക്ക് കാരണമായി. പുഴയിൽ വെള്ളമായതോടെ മീൻപിടിത്ത സംഘങ്ങളും സജീവമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.