പുൽപള്ളി: കർണാടകയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കേരള അതിർത്തി ഗ്രാമങ്ങളിൽ കൃഷിപ്പണികൾക്കായി തൊഴിലാളികളെ കിട്ടാനില്ല. ബൈരക്കുപ്പ, ബാവലി, മച്ചൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി തൊഴിലാളികളാണ് വയനാട് അതിർത്തി പഞ്ചായത്തായ മുള്ളൻകൊല്ലിയിൽ വന്നിരുന്നത്. നിലവിൽ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രണ്ടു മാസമായി തൊഴിലാളികൾക്ക് ഇവിടേക്ക് വരാൻ പറ്റാത്ത അവസ്ഥയാണ്. പ്രധാനമായും വയൽ പണികൾക്കായിരുന്നു തൊഴിലാളികൾ വന്നിരുന്നത്.
ഇതിനുപുറമെ മറ്റ് കൃഷിപ്പണികൾക്കും കർണാടക അതിർത്തി പ്രദേശങ്ങളിൽനിന്ന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഒട്ടേറെ തൊഴിലാളികൾ വന്നിരുന്നു. തൊഴിൽ രഹിതരായതോടെ മിക്കവരും പട്ടിണിയിലാണ്. മഴക്കാലം ആരംഭിച്ചിരിക്കെ വയനാട് അതിർത്തി പ്രദേശങ്ങളിൽ വയൽ പണികൾ ആരംഭിക്കേണ്ട സമയമാണിത്.
തൊഴിലാളി ക്ഷാമം മൂലം പാടങ്ങളിലൊന്നും കാര്യമായ പണികൾ നടന്നിട്ടില്ല. ഇവരുടെ വരവ് അനുസരിച്ച് മാത്രമേ കൃഷിപ്പണികൾ സജീവമാവൂ. കബനിയിൽ തോണി സർവിസ് അടക്കം നിലച്ചിരിക്കുകയാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്കെത്താൻ കടുത്ത നിയന്ത്രണങ്ങളും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.