പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി കോളനിയിൽ കുടിവെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം പ്രതീക്ഷിച്ച് നൂറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. വെള്ളം എത്താത്ത ദിവസങ്ങളിൽ ഇവർക്ക് കബനി നദിയാണ് ആശ്രയം.
സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൊളവള്ളി. പണിയ വിഭാഗക്കാരായ ആദിവാസി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഏതാനും വർഷം മുമ്പ് വരൾച്ച ഉണ്ടായപ്പോൾ റവന്യു വകുപ്പ് ഇവിടെ ടാങ്കുകൾ സ്ഥാപിച്ച് ജല വിതരണം നടത്തിയിരുന്നു. ആ ടാങ്കുകളിലേക്കാണ് ഇപ്പോൾ വാട്ടർ അതോറിറ്റിയുടെ വെള്ളം എത്തിക്കുന്നത്. രണ്ട് ടാങ്കുകളിൽ നിറക്കുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്.
ഒരിക്കൽ വെള്ളം നിറച്ചാൽ രണ്ട് ദിവസം പോലും തികയാറില്ല. ഈ സാഹചര്യത്തിലാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വെള്ളം എത്തുന്നത്. ഒരു കിലോമീറ്ററോളം അകലെയുള്ള കബനി നദിയിലെ വെള്ളമാണ് തലച്ചുമടായി കൊണ്ടുവന്ന് ഇവർ ഉപയോഗിക്കുന്നത്. കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികൃതരും താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.