പുൽപള്ളി: വയനാട്ടിലെ മഴക്കുറവ് കാരണം ഇത്തവണ കർണാടകയിലെ ബീച്ചനഹള്ളി ഡാം നിറഞ്ഞില്ല. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ നടത്താറുണ്ടായിരുന്ന ജലപൂജ ഇത്തവണ മുടങ്ങി. കർണാടക മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്താറുണ്ടായിരുന്ന ജലപൂജയാണ് ഇത്തവണ മുടങ്ങിയത്. വയനാട്ടിൽ നിന്നും ഉത്ഭവിക്കുന്ന പുഴകളിലേയും തോടുകളിലേയും വെള്ളം കബനി നദിയിലാണ് എത്തിച്ചേരുന്നത്.
ഈ വെള്ളം കർണാടകയും തമിഴ്നാടും ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇത്തവണ വയനാട്ടിൽ എല്ലാ വർഷവും ലഭിക്കുന്ന മഴയുടെ നാലിലൊന്നുപോലും ലഭിച്ചില്ല. തമിഴ്നാടിന് നൽകേണ്ട ജലവിഹിതവും കർണാടകക്ക് ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. പരമാവധി വെള്ളം ബീച്ചനഹള്ളി അണക്കെട്ടിൽ തന്നെ കെട്ടിനിർത്തിയിരിക്കുകയാണ് കർണാടക. കർണാടകയിൽ കൃഷിപ്പണികൾ ഒരു മാസം കൂടി കഴിഞ്ഞാൽ മാത്രമേ ആരംഭിക്കുകയുള്ളു.
ആ സമയത്ത് വെള്ളം തുറന്ന് കൊടുക്കേണ്ടതുണ്ട്. വെള്ളം ആവശ്യത്തിന് കൊടുത്തില്ലെങ്കിൽ കർഷകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകും. ഇതിനെ മറികടക്കാനാണ് വെള്ളം പരമാവധി കെട്ടി നിർത്തിയിരിക്കുന്നത്. ഡാം നിറഞ്ഞതിനുള്ള നന്ദിസൂചകമായാണ് ജലപൂജ നടത്തിക്കൊണ്ടിരുന്നത്. മൈസൂരിനടുത്തുള്ള കെ.എ.ആർ.എസ് അണക്കെട്ടിലും ജലപൂജ നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.