അഭിഭാഷകന്റെ ആത്മഹത്യ ജനരോഷം കനക്കുന്നു

പുൽപള്ളി: ജപ്തിഭീഷണിയെ തുടർന്ന് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവം വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നു. 10 വർഷം മുമ്പ് 12 ലക്ഷം രൂപ വായ്പയെടുത്തത് പലിശയും പിഴപ്പലിശയുമായി 30 ലക്ഷം രൂപയായി ഉയരുകയായിരുന്നു. കടബാധ്യത അടച്ചുതീർക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു ഇദ്ദേഹമെന്ന് ബന്ധുക്കൾ പറഞ്ഞു. കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമടക്കം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10 മുതൽ പുൽപള്ളിയിലെ ബാങ്ക് ശാഖ ഉപരോധിക്കുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം അറിയിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും ബാങ്ക് തുറക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ബുധനാഴ്ച രാത്രി വീട്ടില്‍ ടോമി മാത്രമാണുണ്ടായിരുന്നത്. ഭാര്യ പുഷ്പയെ പാട്ടവയലിലെ പിതൃഗൃഹത്തിലേക്കു പറഞ്ഞുവിട്ടിരുന്നു. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ വിവാഹിതയാണ്. മറ്റൊരാള്‍ വിദ്യാര്‍ഥിനിയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുല്‍പള്ളി ശാഖയില്‍നിന്നാണ് ടോമി ഭവനവായ്പയെടുത്തത്. ബാങ്കിന്റെ കണക്കനുസരിച്ച് 16 ലക്ഷം രൂപ കുടിശ്ശികയാണ്. ബാധ്യത തീര്‍ത്തില്ലെങ്കില്‍ സ്വത്ത് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ടോമി മൂന്നുലക്ഷം രൂപ ബാങ്കില്‍ അടച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കി. വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്ന് അറിയിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.

ബുധനാഴ്ച രാത്രി വൈകി സ്‌നേഹിതരില്‍ ചിലര്‍ ടോമിയെ ഫോണ്‍ ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ വീടിനു മുന്നിലെത്തി ഫോണ്‍ ചെയ്തപ്പോള്‍ അകത്തുനിന്നു റിങ് ടോണ്‍ കേട്ടു. ഇതില്‍ പന്തികേടുതോന്നി പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ടോമിയെ മരിച്ചനിലയില്‍ കണ്ടത്. സുൽത്താൻ ബത്തേരി ബാര്‍ അസോസിയേഷന്‍ അംഗമാണ് ടോമി. ബത്തേരി താലൂക്ക് ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വൈകീട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

അഭിഭാഷകൻ ആത്മഹത്യചെയ്ത സംഭവത്തെ തുടർന്ന് പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കി. വരുംദിവസങ്ങളിലും ഇത് തുടരും. ബാങ്കിനു മുന്നിൽ ശക്തമായ സമരങ്ങൾ നടത്തുമെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.

ബാങ്കിലേക്ക് സര്‍വകക്ഷി മാര്‍ച്ച് ഇന്ന്

പുൽപള്ളി: ടോമിയുടെ ആത്മഹത്യക്കു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇരുളത്ത് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍ പ്രസിഡന്റും സി.പി.എം ഇരുളം ലോക്കല്‍ സെക്രട്ടറി പി.എം. ഷാജഹാന്‍ കണ്‍വീനറുമായാണ് സർവകക്ഷി കമ്മിറ്റി രൂപവത്കരിച്ചത്. വെള്ളിയാഴ്ച ഉച്ച രണ്ടിന് ബാങ്ക് ശാഖയിലേക്ക് മാര്‍ച്ച് നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലാണ് ടോമിയുടെ സംസ്‌കാരം. സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതരുടെ ദയാശൂന്യമായ സമീപനമാണ് ടോമിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ഇരുളം നിവാസികളുടെ വിലയിരുത്തല്‍.

Tags:    
News Summary - Lawyer's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.