പുൽപള്ളി: സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ അധികൃതരുടെ ജപ്തി നടപടികളിലും കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടികളിലും മനംനൊന്ത് ഇരുളത്തെ അഭിഭാഷകൻ എം.വി. ടോമി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ തിങ്കളാഴ്ചയും ബാങ്കിന് മുന്നിൽ പ്രതിഷേധമിരമ്പി. രാവിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു. ജപ്തി ഭീഷണിയെതുടർന്ന് ആത്മഹത്യ ചെയ്ത കുടുംബത്തിെൻറ കടം എഴുതിത്തള്ളണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം സി.പി.എം പുൽപള്ളി ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ പുൽപള്ളി ബ്ലോക്ക് പ്രസിഡന്റ് സി.എം. രജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, കർഷകസംഘം പുൽപള്ളി ഏരിയ കമ്മറ്റി പ്രസിഡന്റ് എ.വി. ജയൻ എന്നിവർ സംസാരിച്ചു. പുൽപള്ളി ബ്ലോക് സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. പി.ആർ. രാഹുൽ, സി.ആർ. വിഷ്ണു, പി.എം. ഷാജഹാൻ, എബി അഗസ്റ്റിൻ, കെ.ഐ. റിയാസ് എന്നിവർ നേതൃത്വം നല്കി. സമരത്തെ തുടർന്ന് ഉച്ചവരെ ബാങ്ക് പ്രവർത്തനം സ്തംഭിച്ചു. പുൽപള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
പുൽപള്ളി: വിവിധ സംഘടനകൾ നടത്തിയ ഉപരോധത്തെ തുടർന്ന് അടഞ്ഞുകിടന്ന സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ തിങ്കളാഴ്ച ഉച്ചക്ക് തുറന്നു. പ്രതിഷേധക്കാർ മടങ്ങിയതോടെ ബാങ്ക് ശാഖ തുറക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ബാങ്ക് അടഞ്ഞുകിടക്കുകയായിരുന്നു. കനത്ത പൊലീസ് സംരക്ഷണത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
പനമരം: ഇരുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിെൻറ ജപ്തി നടപടികൾമൂലം അഭിഭാഷകൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സർഫാസി ആക്ട് പിൻവലിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും കേരള കർഷക ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
കാലവർഷക്കെടുതി മൂലം കൃഷിനാശം വന്ന കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്നും വന്യമൃഗ ശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി.വി. ഉണ്ണി അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന കൗൺസിൽ അംഗം ടി.വി. രഘു ഉദ്ഘാടനം ചെയ്തു. സി.ജി. ബേബി, ടി.എ. ബെന്നി, ടി.കെ. ഭൂപേഷ്, പി. രാമചന്ദ്രൻ, വി. ബെന്നി മാത്യു സേവ്യർ, എം.ജെ. മാത്യു. വി.വി. സ്റ്റീഫൻ, നാഗരാജൻ, സുശീല അലക്സ് തുടങ്ങിയവർ സംസാരിച്ചു. സി.ജി. ബേബി പ്രസിഡന്റായും പി.വി. ഉണ്ണി. സെക്രട്ടറിയായും 19 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പുൽപള്ളി: ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ. എം.വി. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് ഇടതുപക്ഷ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖയുടെ മുന്നിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ടോമിയുടെ കുടുംബത്തിെൻറ കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് ജനതാദൾ എസ് ജില്ല സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.