പുൽപള്ളി: അയൽ സംസ്ഥാനങ്ങളിലെ കന്നുകാലികളിൽ ലംപിസ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന ഗുരുതരമായ ചർമരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വസൂരി വൈറസിനോട് ജനിതക സാമ്യമുള്ള കാപ്രിപോക്സ് വൈറസ് ആണ് കന്നുകാലികളിൽ രോഗമുണ്ടാക്കുന്നത്. രോഗബാധയുള്ള മൃഗങ്ങളിൽനിന്ന് ചെള്ള്, വട്ടൻ, ഈച്ചകൾ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാം.
കർഷകന് ഭാരിച്ച സാമ്പത്തിക നഷ്ടവും ഉൽപാദന ഇടിവും ഉണ്ടാക്കുന്നതോടൊപ്പം ഗുരുതരമായി രോഗം ബാധിക്കുന്ന പശുക്കൾക്ക് മരണംവരെ സംഭവിക്കാം. രോഗബാധയുടെ തീവ്രതയനുസരിച്ച് അസുഖം പൂർണമായി ഭേദമാകാൻ എട്ട് ആഴ്ച മുതൽ എട്ട് മാസം വരെ സമയം എടുക്കാറുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവും ബാഹ്യപരാദ നിയന്ത്രണവും രോഗപകർച്ച തടയാൻ അത്യന്താപേക്ഷിതമാണ്.
ചർമമുഴ രോഗത്തിന് നിലവിൽ മൃഗാശുപത്രികൾ മുഖേന പ്രതിരോധ കുത്തിവെപ്പ് നടപടികൾ ആരംഭിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സീന ജോസ് പല്ലൻ അറിയിച്ചു. ആദ്യഘട്ടത്തിൽ കൂടുതൽ പശുക്കൾ ഉള്ള ഫാമുകൾ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുക.
രോഗത്തിനുള്ള വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ നിലവിൽ ആട് വസൂരിക്കെതിരെയുള്ള വാക്സിനാണ് രോഗബാധ റിപ്പോർട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കുത്തിവെപ്പിന് വിധേയമാക്കിയ പശുക്കളിൽ ഒന്നുംതന്നെ പ്രതിരോധ കാലയളവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജ് പറഞ്ഞു.
വാക്സിന്റെ ലഭ്യത അനുസരിച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2500ഓളം ഉരുക്കൾക്ക് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പ്രതിരോധ കുത്തിവെപ്പ് നൽകിയതായി സീനിയർ വെറ്റിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾക്ക് അസി. ഫീൽഡ് ഓഫിസർമാരായ എ.കെ. രമേശൻ, സി.ഡി. റോഷ്‌ന, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സുനിത, പി.കെ. രതീഷ്, ബിനോയി ജെയിംസ്, ജീവനക്കാരായ വി.എം. ജോസഫ്, പി.ജെ. മാത്യു, പി.ആർ. സന്തോഷ്കുമാർ, സിജി സാബു, ജയ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.