പുൽപള്ളി: മണിപ്പൂരിലെ കലാപ മേഖലയിൽനിന്നും സുരക്ഷിതരായി എത്തിയ വിദ്യാർഥികളിൽ വയനാട് സ്വദേശിനിയും. കഴിഞ്ഞ ദിവസം ഒമ്പത് മലയാളി വിദ്യാർഥികളാണ് സുരക്ഷിതരായി കേരളത്തിലെത്തിയത്. പുൽപള്ളി എരിയപ്പള്ളി വഴങ്ങാട്ടിൽ രവിയുടെ മകൾ ആദിത്യയും സംഘവുമാണ് നാട്ടിലെത്തിയത്.
മണിപ്പൂർ സർവകലാശാലയിൽ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ആദിത്യയുൾപ്പെടെ കണ്ണൂർ കൊട്ടിയൂർ താഴെ വീട്ടിൽ സുനിലിന്റെ മകൻ ശ്യംകുമാർ (22), തളിപ്പറമ്പ് ഫാത്തിമ ഹൗസിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ ബാസിത്ത് (21), കോഴിക്കോട് സ്വദേശി
ആർ.എസ്. സനൂപ് (28), പാലക്കാട് സ്വദേശി സി.എസ്. സഹല (21), മലപ്പുറം സ്വദേശി ഫാത്തിമ ദിൽന (21), മലപ്പുറം സ്വദേശി എം.സി. റെനിയ (22), എടപ്പാൾ സ്വദേശി ആർ. നവനീത് (22), കോഴിക്കോട് സ്വദേശി എസ്.ബി. റിതിൻ (22) എന്നിവരാണ് തിരിച്ചെത്തിയത്.
ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപത്തെ തുടർന്ന് രണ്ടാഴ്ചയോളം ഇവർ കാമ്പസിനുള്ളിൽ കഴിയാൻ നിർബന്ധിതരായിരുന്നു. ഭക്ഷണവും വെള്ളവും കുറയുകയും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുകയും ചെയ്തു. സൈന്യവും പൊലീസും വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയണമെന്നും കാമ്പസുകളിലേക്കോ എയർപോർട്ടിലേക്കോ മാറണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഇവർ സഹായം അഭ്യർഥിക്കുകയായിരുന്നു.
ആദിത്യക്ക് പുറമേ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം സ്വദേശികളായ എട്ടു വിദ്യാർഥികളാണ് സുരക്ഷിതമായി നാട്ടിലെത്തിയത്. സർക്കാർ നിർദേശ പ്രകാരം നോർക്ക റൂട്സിന്റെ ഇടപെടലിനെതുടർന്ന് കൊൽക്കത്തയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തുകയും അവിടെനിന്ന് ബസിലുമായാണ് വിദ്യാർഥികൾ നാട്ടിലെത്തിയത്.
അബ്ദുൽ ബാസിത്തും ശ്യാംകുമാറും പുൽപള്ളിയിലെത്തിയശേഷമാണ് അവിടെനിന്നും നാട്ടിലേക്ക് മടങ്ങിയത്. സർക്കാർ സഹായങ്ങൾക്ക് വിദ്യാർഥികൾ നന്ദി അറിയിച്ചു. കലാപം കെട്ടടങ്ങിയാൽ മണിപ്പൂർ ഇംഫാലിലുള്ള യൂനിവേഴ്സിറ്റി ക്യാമ്പസിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.
ആദിത്യയും ശ്യംകുമാറും എം.എസ്.എസി സൈക്കോളജി ഒന്നാം വർഷ വിദ്യാർഥികളാണ്. അബ്ദുൽ ബാസിത്ത് എം.എസ്.സി ഫോറസ്ട്രി ഒന്നാം വർഷ വിദ്യാർഥിയാണ്. സുരക്ഷിതമായി വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് ആദിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.