പുൽപള്ളി: കർണാടക വനപാലകർ കബനിതീരത്തെ മരക്കടവ് ഡിപ്പോ - മച്ചൂർ തോണി സർവിസ് നിർത്തി വെപ്പിച്ചു. അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുകൊണ്ടിരുന്ന തോണി സർവിസ് നിലച്ചതോടെ കബനിയുടെ ഇരു കരകളിലുമുള്ള ആളുകൾ ദുരിതത്തിലാണ്. ഒരാഴ്ച മുമ്പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തോണി സർവിസ് നിർത്തി വെക്കാൻ വനപാലകർ നിർദേശിച്ചത്.
മരക്കടവിൽ നിന്നും മച്ചൂരിലേക്കുള്ള തോണി സർവിസ് പ്രവേശിക്കുന്ന ഭാഗം വനഭൂമിയാണെന്ന കാരണം നിരത്തിയാണ് സർവിസ് നിർത്തിവക്കാൻ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ കർണാടകയിലെ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. കർണാടകയിലേക്ക് പുൽപള്ളി വഴി പോകുന്നവർ കൂടുതലായും ആശ്രയിച്ചിരുന്ന വഴിയാണിത്. വിദ്യാർഥികളടക്കം ഈ വഴി കർണാടകയിലേക്ക് പോയിരുന്നു. മച്ചൂർ പ്രദേശത്തുള്ളവർ കൂലിപ്പണിക്കും മറ്റും വയനാട്ടിലേക്ക് എത്തിയിരുന്നതും ഈ വഴിയാണ്. നിത്യേന തോണി കയറി ഇരുന്നൂറോളം പേർ ഇരു കരകളിലുമായി എത്തിയിരുന്നു.
തോണി സർവിസ് നടത്തിയവരും പട്ടിണിയിലായി. എല്ലാവിധ സുരക്ഷ സംവിധാനങ്ങളോടും കൂടിയാണ് ഇവിടെ തോണി സർവിസ് നടത്തിയിരുന്നത്. ലൈസൻസ്, എൻ.ഒ.സി, ഇൻഷുറൻസ് എന്നിവയെല്ലാം ഉണ്ടായിരുന്നു.
കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നും വിദ്യാർഥികൾ മരക്കടവ്, കബനിഗിരി, പുൽപള്ളി ഭാഗങ്ങളിലേക്കും എത്തുന്നത് ഈ വഴിയാണ്. കർണാടകയിൽ പാൽ വില കുറവായതിനാൽ പല കർഷകരും കബനിഗിരി ക്ഷീര സംഘത്തിലാണ് പാൽ അളക്കുന്നത്. ഈ വഴി മൈസൂരുവിലേക്ക് പോകാനും എളുപ്പമാണ്. കാട് ഒഴിവായുള്ള പാതകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.