പുൽപള്ളി: ക്ഷീരമേഖലയിലേക്ക് തിരിയുന്ന കർഷകരുടെ എണ്ണം വർധിക്കുന്നു. കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധിമൂലം തൊഴിൽ രഹിതരായ പലരും പശുവളർത്തലിലേക്ക് മാറിയതോടെ പാൽ ഉൽപാദനത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ 55 ക്ഷീരോൽപാദന സഹകരണ സംഘങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേസമയം ജില്ലയിൽ 1,70,000 ലിറ്റർ പാലായിരുന്നു കർഷകരിൽനിന്നു സംഭരിച്ചിരുന്നത്.
ഇപ്പോൾ അത് രണ്ടു ലക്ഷം ലിറ്ററായി ഉയർന്നിരിക്കുകയാണ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ആറു ക്ഷീരസംഘങ്ങളിൽനിന്നായി 21,000 ലിറ്റർ പാലാണ് ഇപ്പോൾ സംഭരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 18,000 ലിറ്ററിന് താഴെയായിരുന്നു. പുൽപള്ളി ക്ഷീരസംഘത്തിൽനിന്നുമാത്രം 15,000 ലിറ്റർ പാലും ശേഖരിക്കുന്നുണ്ട്.
പനമരം ബ്ലോക്കിന് കീഴിലെ ക്ഷീരസംഘങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ പാൽ അളക്കുന്നത്. തൊഴിൽരഹിതരായ പലരും ക്ഷീരമേഖലയിലേക്ക് സമീപകാലത്ത് കടന്നുവന്നിട്ടുണ്ട്. ഗ്രാമപ്രദേശമായ കബനിഗിരി ക്ഷീരസംഘത്തിൽനിന്ന് മാത്രം പ്രതിദിനം 2,500 ലിറ്റർ പാൽ ശേഖരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇത് 2,000 ആയിരുന്നു എന്ന് ക്ഷീരസംഘം സെക്രട്ടറി സജി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മറ്റു കൃഷികളെല്ലാം നശിച്ചപ്പോൾ ക്ഷീരമേഖലയെ ആശ്രയിക്കുകയായിരുന്നുവെന്ന് കർഷകരും പറയുന്നു.
വേനൽക്കാല േപ്രാത്സാഹന വിലയും കന്നുകാലി തീറ്റക്കുള്ള സബ്സിഡിയും ചികിത്സ സഹായങ്ങളും കന്നുകാലികളെ വാങ്ങാൻ കർഷകർക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുന്നതുമെല്ലാം ഈ മേഖലക്ക് പുത്തൻ ഉണർവ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.