പുൽപള്ളി: പാളക്കൊല്ലിയിലെ നാമറ്റം ആദിവാസി കോളനിയിൽ കുടിവെള്ളമില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കുടിവെള്ള സംവിധാനം ഒരുക്കിയില്ലെങ്കിൽ വോട്ട് ചെയ്യില്ല എന്ന നിലപാടിൽ ഇവിടുത്തെ പത്തോളം ആദിവാസി കുടുംബങ്ങൾ. അഞ്ച് വർഷം മുമ്പാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ഭൂരഹിതരായ എട്ട് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകിയത്. ഇവർക്കായി കുഴൽ കിണർ നിർമിച്ചുകൊടുത്തിരുന്നു. ഇതിൽ നിന്നുള്ള വെള്ളമാണ് ഇത്രയുംകാലം ഇവർ ഉപയോഗിച്ചിരുന്നത്.
അഞ്ച് മാസം മുമ്പ് ഇവർക്കായി ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു. നിലവിൽ ഇവർ ഉപയോഗിച്ചുകൊണ്ടിരുന്ന കുഴൽ കിണറിൽനിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. ഈ പദ്ധതിക്ക് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇവർ ഉപയോഗിച്ചുകൊണ്ടിരുന്ന കുഴൽക്കിണർ പൈപ്പിട്ട് മൂടുകയും ചെയ്തു. ഇതോടെ ഇവർക്ക് കുടിവെള്ളം ലഭിക്കാതായി.
രണ്ട് കിലോമീറ്റർ അകലെനിന്നുമാണ് പലരും വെള്ളം തലച്ചുമടായി കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
കൊടും വേനലിനെത്തുടർന്ന് പരിസര പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടിവെള്ളം എത്തിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാനില്ല എന്ന നിലപാടുമായി കോളനിക്കാർ രംഗത്ത് വന്നിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് കലക്ടർ അടക്കം ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.