പുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ അവർക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് താമസ സൗകര്യം ഉൾപ്പെടെ തരപ്പെടുത്തി മുങ്ങിയ നാലംഗ സംഘത്തെ പിടകൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വനത്തിനുള്ളിലെ വാച്ച് ടവറിൽ താമസ സൗകര്യവും ഭക്ഷണസൗകര്യവുമടക്കം തരപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. കഴിഞ്ഞ മാസം ജൂലൈ 26 മുതൽ നാലുദിവസം പുൽപള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിെൻറ വാച്ച് ടവറിൽ ഇവർ താമസിച്ച് മടങ്ങുകയായിരുന്നു. താമസ സൗകര്യത്തിനു പുറമെ ഭക്ഷണം ഉൾപ്പെടെ വനപാലകരാണ് എത്തിച്ചുകൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി പുൽപള്ളി എസ്.എച്ച്.ഒ പി.എൽ. ഷൈജു പറഞ്ഞു.
ആധാർ കാർഡുകളിലെ വിലാസത്തിൽ ബന്ധപ്പെട്ടെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പട്ടാളത്തിൽ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ഇവർ ഇവിടത്തെ വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. താൽക്കാലിക വാച്ചർ ജോലിക്ക് േപാകാത്തതുമായി ബന്ധപ്പെട്ടാണ് ഇവർ കോളനി വീട്ടിലെത്തിയത്. ഇദ്ദേഹവുമൊന്നിച്ച് മീൻ പിടിക്കാനും മറ്റും ഈ സംഘം പോയിരുന്നു. രാവിലെ മുതൽ വൈകീട്ടുവരെ മദ്യപാനവും മീൻപിടിത്തവും ഭക്ഷണം കഴിക്കലും മാത്രമായിരുന്നു ഇവരുടെ പരിപാടികൾ. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയായിരുന്നു നിലവിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്. ഇവരുടെ വാക്കുകളിൽ വിശ്വസിച്ച വനപാലകരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വേണ്ടത്ര അന്വേഷണം നടത്താതെ ഇവർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.