പുൽപള്ളി: ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾ പാമ്പ്രയിലെ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരം ഒരാഴ്ച പിന്നിടുന്നു. ദിവസങ്ങൾ കഴിയുന്തോറും ഇവിടെ കുടിൽ കെട്ടി താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുകയാണ്.
നിലവിലെ കണക്കനുസരിച്ച് ആയിരത്തോളം ആളുകൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവരടക്കം ഇവിടെയും സമരരംഗത്തുണ്ട്. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഒട്ടേറെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുമെന്ന് അന്ന് ഉറപ്പുനൽകിയിരുന്നു.
പലർക്കും പട്ടയം നൽകിയതല്ലാതെ ഭൂമി നൽകിയില്ല. പല കുടുംബങ്ങൾക്കും നൽകിയ സ്ഥലം കൃഷിയോഗ്യമല്ല. ഈ സാഹചര്യത്തിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പാമ്പ്രയിൽ സമരം ശക്തമാക്കിയത്.
ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദന്‍റെ നേതൃത്വത്തിലാണ് സമരം. ഇരുളം ഭൂസമര സമിതിയും സമരരംഗത്തുണ്ട്. മഴയെ പ്രതിരോധിക്കുന്നതിനായി കൈയേറിയ ഭൂമിയിൽ ഷീറ്റുകൾ മറച്ചുകെട്ടിയും ചെറുകൂരകൾ ഉണ്ടാക്കിയുമാണ് സമരം. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആദിവാസി കുടുംബങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനു പുറമെ സമരസമിതിയുമായി ബന്ധമില്ലാത്ത ആദിവാസി കുടുംബങ്ങളും ഇവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിട്ടുണ്ട്. ഭൂരഹിതരാണ് തങ്ങളെന്നും ഭൂമി ലഭ്യമാക്കാൻ സർക്കാർതലത്തിൽ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം. 98 ഹെക്ടർ സ്ഥലത്തായാണ് പാമ്പ്ര തോട്ടം വ്യാപിച്ചുകിടക്കുന്നത്.
2003ൽ വനവികസന കോർപറേഷൻ കൈവശമുണ്ടായിരുന്ന തോട്ടം അടച്ചുപൂട്ടി. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഭൂമിയാണിതെന്നു ചൂണ്ടിക്കാണിച്ചുള്ള ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.