പുൽപള്ളി: വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ. സംസ്ഥാനത്ത് കുരുമുളക് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വയനാട്ടിൽ കുരുമുളക് കൃഷിയുടെ അളവ് കുറയുന്നത് കർഷകരെ തളർത്തുന്നു. ഈ മാസം അവസാനത്തോടെ ജില്ലയിൽ കുരുമുളക് പറിക്കാൻ ആരംഭിക്കും.
ക്വിന്റലിന് 60,000 രൂപക്ക് അടുത്താണ് ഇപ്പോഴത്തെ വില. ന്യായമായ വിലയാണ് ഉള്ളതെങ്കിലും ഉൽപാദനക്കുറവുമൂലം കാര്യമായ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. രണ്ടു പതിറ്റാണ്ടു മുമ്പു വരെ ജില്ലയിൽ കുരുമുളകിന്റെ പ്രതാപകാലമായിരുന്നു. ക്വിന്റൽ കണക്കിന് മുളകാണ് ഓരോ തോട്ടങ്ങളിൽനിന്നും പറിച്ചെടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ഭൂരിഭാഗം തോട്ടങ്ങളിലും കൃഷി നശിച്ചു. രോഗങ്ങൾ വ്യാപകമായി. ഇടക്കാലത്തുണ്ടായ വിലയിടിവും രോഗകീടബാധയും കർഷകരെ പിന്നോട്ടടിപ്പിച്ചു.
സർക്കാർ ഭാഗത്തുനിന്നുള്ള സഹായങ്ങളും കഴിഞ്ഞ കുറെ നാളുകളായി ലഭിക്കുന്നില്ല. അത്യുൽപാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും പലതരം രോഗങ്ങൾ ബാധിച്ച് നശിച്ചു. കുരുമുളക് പുനർകൃഷിക്കായുള്ള പദ്ധതികൾ ഒന്നും ഫലം കണ്ടിട്ടില്ല. കോടിക്കണക്കിന് രൂപയുടെ പാക്കേജുകൾ നടപ്പാക്കിയിരുന്നു. എന്നിട്ടും കൃഷി പിടിച്ചുനിർത്താൻ കർഷകർക്ക് സാധിച്ചില്ല. താങ്ങുകാലുകൾക്കുണ്ടായ രോഗവും കർഷകർക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.