പുൽപള്ളി: പുൽപള്ളി സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല. സഹകരണ വകുപ്പ് ജോ. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നടന്ന അന്വേഷണത്തിൽ ബാങ്കിൽ വ്യാപക വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തി മൂന്നുവർഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായിട്ടില്ല.
2015ൽ കോൺഗ്രസ് നേതാവിെൻറ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഭരണസമിതി ബാങ്കിൽ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി. ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചടക്കണമെന്ന് നിർദേശം നൽകിയിട്ടും നാമമാത്രമായ തുക മാത്രമാണ് തിരിച്ചടച്ചത്. ബാങ്കിൽ ഭരണസമിതിയുടെ 11 അംഗങ്ങളും കോൺഗ്രസുകാരായിരുന്നു. ബിനാമി പേരുകളിൽ പത്തു സെൻറ് മാത്രം സ്ഥലമുള്ള നിരവധി പേർക്ക് ലക്ഷങ്ങൾ വായ്പ നൽകി.
ഭരണസമിതിയുമായി ഒട്ടിച്ചേർന്നുനിന്നവർക്കടക്കം വൻ തുകയാണ് വായ്പയായി നൽകിയത്. ഇതിൽ ഒരാൾക്ക് 75 സെൻറ് സ്ഥലത്തിെൻറ പേരിൽ 1.80 കോടി രൂപയാണ് വായ്പ അനുവദിച്ചത്. ഭരണസമിതിയിലെ ഒരംഗം ഭാര്യയുടെ കൈവശമുള്ള 25 സെൻറ് സ്ഥലത്തിന് 25 ലക്ഷം രൂപയും കൊടുത്തതായി രേഖകളിൽ കാണിച്ചു. ഭരണസമിതിയിലെ രണ്ട് അംഗങ്ങൾ നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് രാജിെവച്ചിരുന്നു.
ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന സെക്രട്ടറിയും ഇേൻറണൽ ഓഡിറ്ററും ശിക്ഷാ നടപടികൾക്ക് വിധേയമായി. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപുറമെ ചില ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിൽ അനുവദിച്ച വായ്പകളിലും ക്രമക്കേട് കണ്ടെത്തി. ഈട് വസ്തുവിെൻറ അസ്സൽ പ്രമാണം പോലുമില്ലാതെയാണ് ചിലർക്ക് വൻ തുക വായ്പയായി അനുവദിച്ചത്.
മൂല്യം കുറഞ്ഞ ഭൂമിക്ക് വൻ തുക മൂല്യമുള്ളതായി ഭരണസമിതി അംഗങ്ങൾ വ്യാജ റിപ്പോർട്ട് തയാറാക്കി. വസ്തു വിറ്റാൽ പോലും വായ്പ തുക തിരിച്ചുപിടിക്കാനാവാത്ത തരത്തിലാക്കി. ഇപ്രകാരം അനുവദിച്ച വായ്പ തുകകൾ ചിലരുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഫണ്ടിെൻറ വലിയൊരു ഭാഗം ചിലരുടെ കൈകളിലേക്ക് മാത്രം എത്തിയത് ബാങ്കിെൻറ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി.
സാധാരണ അംഗങ്ങൾക്ക് വായ്പ ലഭിക്കുന്നതിനും മറ്റും ഇത് തടസ്സമായി. ക്രമക്കേടുകൾ മൂലം ബാങ്കിന് ആറരകോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നും അതിപ്പോൾ പത്തു കോടിയോളം ആയിരിക്കുകയാണെന്നും സൂചനയുണ്ട്.
ലിക്വിഡേഷൻ വക്കിലെത്തിയ ബാങ്കിനെ പുനരുദ്ധരിക്കാൻ ഈ വർഷം ജനുവരിയിൽ മൂന്നംഗ അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റിയെ സഹകരണ വകുപ്പ് ഏൽപിച്ചു. ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ബാങ്ക് ഭരണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ബാങ്കിൽ അഡ്മിനിസ്േട്രറ്റിവ് ഭരണം ആരംഭിച്ചിട്ട് മൂന്നുവർഷത്തോളമാവുകയാണ്.
ബാങ്കിന് നഷ്ടപ്പെട്ട 7.26 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ആത്മാർഥ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. സ്പെഷൽ േഗ്രഡിലായിരുന്ന ബാങ്കിനെ അഞ്ചാം തരത്തിലേക്ക് തരം താഴ്ത്തി.ബാങ്കിൽ നടന്ന അഴിമതികൾക്കെതിരെ ശക്തമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ബാങ്ക് സംരക്ഷണ സമിതി പ്രസിഡൻറ് വി.എസ്. ചാക്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.