പുൽപള്ളി: ചേകാടിയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങി. പുൽപള്ളിക്കടുത്ത ചേകാടിയുടെ സൗന്ദര്യവും തനിമയും വിനോദ സഞ്ചാരികൾക്ക് അനുഭവഭേദ്യമാക്കാനാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് വിനോദ സഞ്ചാരവകുപ്പ് പദ്ധതി തയാറാക്കിയത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങളും ചേകാടിയിൽ ആരംഭിച്ചിട്ടില്ല.
പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഗ്രാമവാസികളുടെ പരമ്പരാഗത ജീവിത രീതികളും പ്രകൃതി ഒരുക്കിയ കാഴ്ചകളും പച്ചപ്പട്ടണിഞ്ഞ് നിൽക്കുന്ന നെൽപാടങ്ങളുടെ സൗന്ദര്യമെല്ലാം ആസ്വദിക്കാനായി ധാരാളം ആളുകൾ ഇവിടെ എത്തുന്നുണ്ട്.
സുഗന്ധ നെല്ലിനമായ ഗന്ധകശാല ഏറ്റവും കൂടുൽ വിളയിക്കുന്ന ഗ്രാമംകൂടിയാണ് ചേകാടി. ജൈവരീതിയിലാണ് കൃഷികളെല്ലാം. പദ്ധതി വന്നാൽ പ്രദേശത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിൽ എത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനം ഉണ്ടാക്കാൻ കഴിയും.
ഗോത്രവിഭാഗക്കാരും ചെട്ടി വിഭാഗക്കാരുമാണ് ഇവിടെ ഭൂരിഭാഗവും. പുല്ലു മേഞ്ഞ വീടുകളും കാവൽമാടങ്ങളുമെല്ലാം ഇപ്പോഴും കാണാൻ കഴിയുന്ന ഗ്രാമം കൂടിയാണിത്. വിനോദ സഞ്ചാര മേഖലയിൽ മാറ്റങ്ങൾക്കും കിതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്ന പദ്ധതിയായാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിയെ വിലയിരുത്തുന്നത്. ഗ്രാമീണ മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് വഴിയൊരുക്കുക എന്നതുകൂടിയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.