പുൽപള്ളി ബാങ്ക് തെരഞ്ഞെടുപ്പ്; വേദിയൊരുങ്ങുന്നത് തീപാറും പോരാട്ടത്തിന്

പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. ഇടത് വലത് മുന്നണികളും ജനകീയമുന്നണിയുമാണ് മത്സരരംഗത്തുള്ളത്. ഈ മാസം ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. നേരത്തേ ബാങ്കിൽ 8.34 കോടി രൂപയുടെ ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

2018ലാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. വായ്പാ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു പിരിച്ചുവിടൽ. എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ കർഷക മുന്നണി, ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചത് കോൺഗ്രസ് ആണെന്ന് ആരോപിച്ചും കോടികളുടെ ക്രമക്കേട് നടത്തിയവർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ വോട്ട് അഭ്യർഥിച്ചുമാണ് പ്രചരണ രംഗത്തുള്ളത്. നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ബാങ്കിനെ ഒരു പരിധിവരെ തകർച്ചയിൽനിന്ന് കരകയറ്റിയെന്നും ഇവർ അവകാശപ്പെടുന്നു.

വോട്ടർമാരുടെ വീടുകൾ കയറിയിറങ്ങിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചുമെല്ലാമാണ് പ്രചാരണം സജീവമാക്കിയിരിക്കുന്നത്. അതേസമയം, എൽ.ഡി.എഫ് കുപ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

നിയമാനുസൃതമായാണ് ബാങ്കിൽ നിന്ന് വായ്പകൾ നൽകിയതെന്നും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത് രാഷ്ട്രീയ സമ്മർദത്താലാണെന്നുമാണ് കോൺഗ്രസ് വാദം. കോർണർ യോഗങ്ങൾ സംഘടിപ്പിച്ചും വോട്ടർമാരെ നേരിൽ സമീപിച്ചുമാണ് വോട്ട് അഭ്യർഥിക്കുന്നത്.

രണ്ട് മുന്നണികളും ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ജനകീയ മുന്നണിയുടെ പ്രചാരണം. അഴിമതിയും കെടുകാര്യസ്ഥതയും ബാങ്കിനെ തകർച്ചയിലേക്ക് നയിച്ചിരിക്കുകയാണെന്നും ബാങ്കിനെ രക്ഷപ്പെടുത്താൻ ജനകീയമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നുമാണ് ഇവരുടെ അഭ്യർഥന.

വാഹനപ്രചാരണജാഥയും കോർണർയോഗങ്ങളുമെല്ലാം ജനകീയമുന്നണിയും സംഘടിപ്പിക്കുന്നുണ്ട്. 11 സീറ്റുകളിലേക്കാണ് മത്സരം. പുൽപള്ളി വിജയ ഹൈസ്കൂളിലാണ് വോട്ടെടുപ്പ്.

Tags:    
News Summary - Pulpally Bank Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.