പുൽപള്ളി: സർവിസ് സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിൽ വിവാദ വെളിപ്പെടുത്തലുമായി പിടിയിലായ മുഖ്യ ഇടനിലക്കാരൻ സജീവൻ കൊല്ലപ്പള്ളി. പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ ഉൾപ്പെടെയുള്ളവർക്ക് വായ്പ ത്തട്ടിപ്പിൽ പങ്കുണ്ടെന്ന് പുൽപള്ളി പൊലീസിന് സജീവൻ മൊഴി നൽകി. 10 ലക്ഷം രൂപയാണ് ദിലീപിന് നൽകിയതെന്നും മൊഴിയിൽ പറയുന്നു.
50 സെൻറ് സ്ഥലം ഈട് വെച്ച് ബാങ്കിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ 10 ലക്ഷം രൂപ എടുത്തിരുന്നു. വയൽ ഭൂമിയായ ഈ സ്ഥലം കരഭൂമിയായി രേഖപ്പെടുത്തിയായിരുന്നു വായ്പ തരപ്പെടുത്തിയത്. ഇത് ഓഡിറ്റ് വിഭാഗം കണ്ടെത്തിയപ്പോൾ സ്ഥാനം നഷ്ടപ്പെടുമെന്ന് പറഞ്ഞ് ദിലീപ്കുമാർ സമീപിച്ചതായും അന്ന് 10 ലക്ഷം രൂപ അടച്ചത് താനാണെന്നും സജീവൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ മറ്റ് പലരും തന്നോട് പണം വാങ്ങിയിട്ടുണ്ട്. പുൽപള്ളി സ്റ്റേഷനിൽ കീഴടങ്ങാൻ വരുന്ന വഴിയാണ് പൊലീസ് പിടികൂടിയതെന്നും സജീവൻ പറഞ്ഞു. സ്റ്റേഷനിൽനിന്നും കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് സജീവൻ മാധ്യമങ്ങളോട് സംസാരിച്ചത്. സജീവൻ കൊല്ലപ്പള്ളിയെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിലെ മുഖ്യ ഇടനിലക്കാരനായ സേവാദൾ ജില്ല വൈസ് ചെയർമാൻകൂടിയായ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തത്. സജീവൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലായിരുന്നു.
വായ്പ തട്ടിപ്പിന് ഇരയായ ഡാനിയേൽ പുൽപള്ളി പൊലീസിന് നൽകിയ പരാതിയിലും കടബാധ്യതയാൽ രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവത്തിലും സജീവൻ പ്രതിയാണ്.
കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുൻ സെക്രട്ടറി രമാദേവി, ഡയറക്ടറായിരുന്ന വി.എം. പൗലോസ് എന്നിവർ ജയിലിലാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം -സി.പി.എം
പുൽപള്ളി: സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിൽ അറസ്റ്റിലായ സേവാദൾ ജില്ല വൈസ് ചെയർമാൻ കൊല്ലപ്പള്ളി സജീവന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിൽ പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ടി.എസ്. ദിലീപ് കുമാർ രാജിവെക്കണമെന്നും തട്ടിപ്പിന്റെ ഓഹരി പണം പറ്റിയതായി സജീവൻ വെളിപ്പെടുത്തിയ കോൺഗ്രസ് നേതാക്കളെ കേസിൽ പ്രതികളാക്കണമെന്നും സി.പി.എം പുൽപള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി. സഹദേവൻ, സുരേഷ് ബാബു, രുക്മണി സുബ്രഹ്മണ്യൻ, പ്രകാശ് ഗഗാറിൻ, സജി മാത്യു, ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.