പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപള്ളി ടൗണില്‍ നടന്ന ജനകീയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടുപേർ കീഴടങ്ങി. ബത്തേരി കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു.
വന്യജീവി ശല്യത്തിനെതിരെ പ്രതികരിച്ച നാട്ടുകാരെ കേസിൽപെടുത്തുകയും അര്‍ധരാത്രിയും പുലര്ച്ചയുമെല്ലാം വീടുകളില്‍ പൊലീസെത്തി പരിശോധന നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഇടപെട്ട് അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പൊലീസ് നല്കിയ പ്രതിപ്പട്ടികയിലുള്ളവരെ സഭാനേതൃത്വമാണ് സ്റ്റേഷനില്‍ ഹാജരാക്കിയത്.
അമരക്കുനി നെല്ലിമൂട്ടില്‍ ജോസഫ് ഫ്രാന്‍സിസ് (38), ശശിമല കാരക്കാട്ടില്‍ കെ.കെ. ബിജു (47), കാപ്പിസെറ്റ് താഴെപ്പിള്ളില് മാത്യു സ്റ്റീഫന്‍ (24), അമരക്കുനി വാഴയില്‍ സുനീഷ് (37), കരീക്കാട്ടില്‍ ജോഷി (41), വാഴയില്‍ ബിനീഷ് (41), വാഴയില്‍ ഗ്രേറ്റര്‍ (33), ആടിക്കൊല്ലി കരുമ്പനായില് ലിബിന് (35) എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 പേര് അറസ്റ്റിലായി. രണ്ടു പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം.
ബുധനാഴ്ച പൊലീസിൽ കീഴടങ്ങിയ എട്ടുപേരില്‍ മൂന്നുപേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. കടുവയുടെ ആക്രമണത്തില്‍ മൂരിക്കിടാവിനെ നഷ്ടമായ വാഴയില്‍ കുടുംബത്തിലെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിയിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. പുൽപള്ളി ടൗണില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് അമ്പത്താറിലെ വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെ കടുവ കൊന്നത്. നാട്ടുകാരും ബേബിയുടെ ബന്ധുക്കളും ചേര്‍ന്ന് മൂരിക്കിടാവിന്റെ ജഡം വാഹനത്തില്‍ കയറ്റി പുൽപള്ളിയിലെത്തിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പ്രതികാരബുദ്ധിയോടെ കേസിൽപെടുത്തിയതാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.