പുൽപള്ളി: മൂന്നുകോടി ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മാറ്റാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഇപ്പോഴുള്ള ആശുപത്രിയിൽ മതിയായ സൗകര്യമില്ലാത്തതിനാൽ തന്നെ ഒ.പിയിലെത്തുന്ന രോഗികൾ മഴ ഉൾപ്പെടെ കൊള്ളേണ്ട സാഹചര്യമാണുള്ളത്. ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കുകയും വേണം. രണ്ടുവർഷം മുമ്പ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ ആശുപത്രിയുടെ പ്രവർത്തനം ഇവിടേക്ക് മാറ്റാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാത്തതിൽ ജനങ്ങളും പ്രതിഷേധത്തിലാണ്.
പുൽപള്ളിയിലെ നിലവിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം താളംതെറ്റുമ്പോഴാണ് അപ്പുറത്ത് കോടികൾ ചെലവിട്ട് നിർമിച്ച മൂന്നു നിലകളിലായുള്ള ആശുപത്രി കെട്ടിടം കാടുകയറുന്നത്.
നിലവിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് സൗകര്യമില്ല. പരാധീനതകൾക്ക് നടുവിലാണ് പ്രവർത്തനം. മതിയായ കെട്ടിട സൗകര്യം ഇവിടെയില്ല. ആവശ്യത്തിന് ഡോക്ടർമാരും ഉണ്ടാകാറില്ല.
പ്രതിദിനം 500ലധികം രോഗികൾ ചികിത്സ തേടി ഒ.പിയിൽ എത്താറുണ്ട്. ഡോക്ടർമാരുടെ കുറവ് മൂലം ഏറെനേരം കാത്തുനിന്നാലാണ് ചികിത്സ ലഭിക്കാറുള്ളത്. എന്നാൽ, കിടത്തിച്ചികിത്സ പേരിന് മാത്രമാണ് ഇവിടെയുള്ളത്. ഐ.പി വാർഡ് മിക്കവാറും ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. ഡോക്ടർമാർക്ക് പുറമേ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവുമുണ്ട്. ഡോക്ടർമാർ ആവശ്യത്തിനില്ലാത്തത് സംബന്ധിച്ച് പലപ്പോഴും ആശുപത്രിയിൽ തർക്കങ്ങളും പതിവാണ്. ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല.
പുൽപള്ളി താഴെയങ്ങാടിക്കടുത്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടു വർഷം മുമ്പാണ് പുതിയ ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്.
തുടക്കത്തിൽ കുറച്ച് കാലം കോവിഡ് ആശുപത്രിയായി മാറ്റിയിരുന്നു. കെട്ടിടത്തിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ആശുപത്രി ഇവിടേക്ക് മാറ്റാൻ നടപടി വൈകി. പുതിയ കെട്ടിടത്തിൽ ആശുപത്രിയുടെ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ സമരങ്ങൾ നടത്തിയിരുന്നു. ആശുപത്രി ഇവിടേക്ക് മാറ്റാൻ അടിയന്തര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.